Kerala

അരിക്കൊമ്പൻ കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

ഇടുക്കി ചിന്നക്കനാലിൽ ആക്രമണം തുടരുന്ന ഒറ്റയാൻ അരിക്കൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പീപ്പിൾ ഫോർ ആനിമൽസ് എന്ന സംഘടനയടക്കം നൽകിയ ഹർജികളാണ് ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. അതേസമയം കേസില്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

അരക്കൊമ്പന്റെ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളുമായും ജനപ്രതിനിധികളുമായും സമിതി അംഗങ്ങള്‍ ആശയ വിനിമയം നടത്തിയിരുന്നു. അഞ്ചംഗ സമിതിയിലെ കോട്ടയം ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് ആര്‍ എസ് അരുണ്‍, പ്രൊജക്ട് ടൈഗര്‍ സിസിഎഫ് എച്ച് പ്രമോദ്, വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റും ചീഫ് വെറ്റിനേറിയനുമായ ഡോ എന്‍ വി കെ അഷ്റഫ്, കോടതി നിയമിച്ച അമിക്കസ്‌ക്യൂറി അഡ്വ രമേശ് ബാബു എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ജനാഭിപ്രായം പ്രതിഫലിക്കുന്ന റിപ്പോര്‍ട്ടായിരിക്കും സമിതി സമര്‍പ്പിക്കുകയെന്നാണ് വിവരം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഡിവിഷന്‍ ബെഞ്ച് വിഷയത്തില്‍ തീരുമാനമെടുക്കുക.