വിനോദ സഞ്ചാര മേഖലയില്‍ വില്‍പ്പന നടത്തുന്നതിനായി അന്യസംസ്ഥാനത്ത് നിന്ന് ആലപ്പുഴയില്‍ കഞ്ചാവെത്തിച്ച രണ്ട് ചേര്‍ത്തല സ്വദേശികള്‍ അറസ്റ്റില്‍. ഇവരില്‍ നിന്നും 6 കിലോ കഞ്ചാവാണ് എക്‌സൈസ് പിടിച്ചെടുത്തത്.
ആലപ്പുഴ എക്‌സൈസ് ഇന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ചേര്‍ത്തല നഗരത്തില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്കായി എത്തിച്ച കഞ്ചാവ് പിടികൂടിയത്. ആറ് ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് ആലപ്പുഴ, ചേര്‍ത്തല വിനോദ സഞ്ചാര മേഖല കേന്ദ്രീകരിച്ച് വില്‍പ്പന നടത്താനായാണ് എത്തിച്ചത്.
എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചേര്‍ത്തല കെഎസ്ആര്‍ടിസി ബസ്റ്റാന്റില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. കേസില്‍ കണിച്ചുകുളങ്ങരമിച്ച വാരം വെളിയില്‍ പ്രീജിത്ത്, ചേര്‍ത്തല തെക്ക് സ്വദേശി നികര്‍ത്തില്‍ നിധിന്‍ എന്നിവരാണ് പിടിയിലായത്. ഓടി രക്ഷപെട്ട ശ്രീകാന്ത് എന്നയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.