Cricket

’14 ആം വയസിൽ എച്ച്ഐവി ടെസ്റ്റ് നടത്തി, ഫലം നെഗറ്റീവായതോടെ ആശ്വാസം ലഭിച്ചു’; ശിഖർ ധവാൻ

തൻ്റെ ആദ്യ ടാറ്റൂവിന് പിന്നാലെ രസകരമായ അനുഭവം പങ്കുവച്ച് ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ. 14 വയസ്സുള്ളപ്പോഴാണ് ആദ്യമായി പച്ചകുത്തിയതെന്നും, അതിന് ശേഷം താൻ ആകെ പേടിച്ച് വിരണ്ടുപോയെന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ധവാൻ വെളിപ്പെടുത്തി.

‘മണാലി യാത്രയ്ക്കിടെ 14 ആം വയസിലാണ് ആദ്യമായി പച്ചകുത്തുന്നത്. പുറകിലായി ഒരു സ്കോർപ്പിയോ ചിത്രമാണ് ആദ്യത്തെ ടാറ്റൂ. വീട്ടുകാരെ അറിയിക്കാതെയായിരുന്നു പച്ചകുത്തൽ. 4 മാസത്തോളം വീട്ടുകാരിൽ നിന്നും വിവരം മറച്ചുവച്ചു. ടാറ്റൂ കുത്തിയ കാര്യം അച്ഛൻ കണ്ടുപിച്ച ദിവസം എനിക്ക് നല്ല അടി കിട്ടി. എന്നാൽ പിന്നീട് ടാറ്റൂ ചെയ്തതിനെക്കുറിച്ച് ഓർത്ത് അൽപ്പം ഭയപ്പെട്ടു’ – ധവാൻ പറയുന്നു.

‘പലർക്കും ടാറ്റൂ കുത്താൻ ഉപയോഗിച്ച സൂചി കൊണ്ടല്ലേ എനിക്കും പച്ചകുത്തിയതെന്ന് ചിന്തിക്കാൻ തുടങ്ങി. പേടി വർദ്ധിച്ചതോടെ ഞാൻ എച്ച്ഐവി ടെസ്റ്റ് നടത്തി. ഫലം നെഗറ്റീവായതോടെയാണ് സമാധാനമായത്. അതിനു ശേഷം ശിവന്റെയും അർജുനന്റെയും ചിത്രങ്ങൾ കൂടി പച്ചകുത്തി’- ആജ് തക്കിന് നൽകിയ അഭിമുഖത്തിൽ ധവാൻ പറഞ്ഞു. ശുബ്മാൻ ടെസ്റ്റിലും ടി20യിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്നും താൻ സെലക്ടറായിരുന്നെങ്കിൽ ശുഭ്മാന് കൂടുതൽ അവസരം നൽകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.