Kerala

മിഷന്‍ അരിക്കൊമ്പന്‍; ചിന്നക്കനാലിലും ശാന്തന്‍പാറയിലും നിരോധനാജ്ഞ പ്രഖ്യാപിക്കും

ഇടുക്കിയില്‍ ഭീതി പരത്തുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാലില്‍ ശനിയാഴ്ച നിരോധനാജ്ഞ പ്രഖ്യാപിക്കും. ശാന്തന്‍പാറ പഞ്ചായത്തിലും ചിന്നക്കനാലിലുമാണ് നിരോധനാജ്ഞ.

മിഷന്‍ അരിക്കൊമ്പന്‍ ദൗത്യത്തിന്റെ ഭാഗയമായി ആളുകള്‍ കൂട്ടം കൂടാതിരിക്കാന്‍ ബോധവത്ക്കരണം നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കോടനാട്ടേക്ക് പോകുന്ന വഴിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. 301 കോളനിയില്‍ നിന്ന് ആളുകളെ മാറ്റുന്നതില്‍ തീരുമാനം നാളെയുണ്ടാകും.

71 പേരടങ്ങുന്ന 11 ദൗത്യ സംഘമാണ് മിഷന്‍ അരിക്കൊമ്പന്റെ ഭാഗമാകുന്നത്. വെള്ളിയാഴ്ച മോക്ഡ്രില്‍ നടത്തും. പുലര്‍ച്ചെ നാല് മണിക്ക് അരിക്കൊമ്പനെ കണ്ടെത്തി മയക്കുവെടി വയ്ക്കുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്.

അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യ സംഘത്തിന്റെ ഭാഗമാകുന്ന കുങ്കിയാന സൂര്യനെ മുത്തങ്ങയില്‍ നിന്ന് ഇടുക്കിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ആര്‍ആര്‍ടി റേഞ്ചര്‍ രൂപേഷ് അടക്കമുള്ള ആര്‍ആര്‍ടി സംഘവും വെറ്റിനറി സര്‍ജന്‍ ഡോ. അജേഷും അടങ്ങുന്ന സംഘവും ഇന്ന് വയനാട്ടില്‍ നിന്ന് ഇടുക്കിയിലേക്ക് തിരിച്ചു. മുന്‍പും പല ഓപ്പറേഷനുകളുടെയും ഭാഗമായ കുങ്കിയാനയാണ് സൂര്യന്‍. കഴിഞ്ഞ ദിവസം വിക്രം എന്ന് പേരുള്ള കുങ്കിയേ ഇടുക്കിയില്‍ എത്തിച്ചിരുന്നു. സുരേന്ദ്രന്‍, കുഞ്ചു എന്നീ കുങ്കിയാനകളെ അടുത്ത ദിവസങ്ങളില്‍ ഇടുക്കിയിലെത്തിക്കും.