എൽ ക്ലാസിക്കോയിൽ ഹാട്രിക്ക് വിജയങ്ങൾ നേടി എഫ്സി ബാഴ്സലോണ. ഇന്ന് പുലർച്ചെ സ്വന്തം മൈതാനമായ ക്യാമ്പ്നൗവിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയൽ മാഡ്രിഡിനെതിരെ ബാഴ്സയുടെ വിജയം. ഇന്നത്തെ വിജയത്തോടെ 2011ൽ പെപ് ഗാർഡിയോളക്ക് ശേഷം ഒരു വർഷം മൂന്ന് എൽ ക്ലാസിക്കോ മത്സരങ്ങളിൽ വിജയിക്കുന്ന ആദ്യ ബാഴ്സ പരിശീലകനായി സാവി ഹെർണാണ്ടസ് മാറി. വിജയത്തോടെ ലീഗിൽ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം 12 പൊയിന്റുകളാക്കി ഉയർത്താനും ബാഴ്സക്ക് സാധിച്ചു.
സംഭവ ബഹുലമായ മത്സരമായിരുന്നു ഇന്നലെ അരങ്ങേറിയത്. മത്സരത്തിൽ ആദ്യം ലീഡ് എടുത്തത് റയൽ മാഡ്രിഡായിരുന്നു. മാഡ്രിഡ് വിങ്ങർ വിനീഷ്യസ് ജൂനിയർ എടുത്ത ഷോട്ട് തടുക്കാൻ ശ്രമിച്ച ബാഴ്സ ഡിഫൻഡർ അരാഹോവിന്റെ പിഴവാണ് മാഡ്രിഡിന് ആദ്യ ഗോൾ നേടാൻ വഴി ഒരുക്കിയത്. തടുക്കാൻ ശ്രമിച്ച പന്ത് ടെർ സ്റ്റീഗനെ മറികടന്ന് വലയിലെത്തി. എന്നാൽ, ആദ്യ പകുതി അവസാനിക്കും മുൻപ് സെർജിയോ റോബർട്ടോയിലൂടെ ബാഴ്സ സമനില പിടിച്ചു. രണ്ടാം പകുതിയിൽ റയലിനായി മാർക്കോ അസെൻസിയോ ലീഡ് ഉയർത്തിയെങ്കിലും വാർ പരിശോധനയിൽ റഫറി ഗോൾ നിഷേധിച്ചു.
മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെയാണ് ബാഴ്സയുടെ രക്ഷകനായി ഐവറി കോസ്റ്റ് താരമായ ഫ്രാങ്ക് കെസിഎ ഉദിച്ചത്. പകരക്കാരനായി കളിക്കളത്തിൽ ഇറങ്ങിയ താരം, ഫുൾ ബാക് ബാൾഡിന്റെ ക്രോസ്സ് വലയിലെത്തിക്കുകയായിരുന്നു. ആ ഗോളോട് കൂടി റയൽ മാഡ്രിഡ് നിര തിരിച്ചു വരാനാവാത്ത വിധം തകർന്നു. ഏപ്രിൽ 6നു കോപ്പ ഡെൽ റെയ് സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ഇരു ടീമുകളും വീണ്ടും ഇതേ മൈതാനത്ത് ഏറ്റുമുട്ടുന്നുണ്ട്. നിർണായകമായ മത്സരത്തിന്റെ ആദ്യ പാദം എതിരില്ലാത്ത ഒരു ഗോളിന് ബാഴ്സ വിജയിച്ചിരുന്നു.