സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെട്ട സാമ്പത്തിക കുറ്റകൃത്യ കേസ് കേരളത്തിലേക്ക് മാറ്റരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രിംകോടതിയില്‍. ലഖ്‌നൗവില്‍ നിന്ന് കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി കെ.എ. റൗഫ് ഷെരിഫ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴാണ് ഇ.ഡി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്.
ഉത്തര്‍പ്രദേശിലെ ഇ.ഡി സംഘമാണ് കേസ് കൈകാര്യം ചെയ്തതെന്ന് കോടതിയില്‍ ഇ ഡി ചൂണ്ടിക്കാട്ടി. അന്വേഷണഘട്ടത്തില്‍ ഉന്നയിക്കാത്ത ആവശ്യമാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. കേസില്‍ വിചാരണ ആരംഭിച്ചെന്നും സാക്ഷി വിസ്താരം തുടങ്ങിയെന്നും ഇ.ഡി വ്യക്തമാക്കി. ഹര്‍ജിയില്‍ വിശദമായ വാദം തിങ്കളാഴ്ച കേള്‍ക്കും.
ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് സിദ്ദിഖ് കാപ്പന്‍ ജയില്‍മോചിതനായത്. അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ച് ഒരു മാസത്തിന് ശേഷമാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായത് 27 മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ്.