India Kerala

നെയ്യാറ്റിന്‍കര ആത്മഹത്യ: ബാങ്കിനെതിരായ നടപടി കലക്ടറുടെ റിപ്പോര്‍ട്ടിന് ശേഷം

ബാങ്കിന്‍റെ ജപ്തി നടപടിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടിയുമായി മുന്നോട്ട്. ബാങ്ക് അധികൃതര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് മുന്നോട്ടു പോകണമെന്ന നിലപാടിലാണ് സര്‍ക്കാര്‍. ജില്ലാ കലക്ടറുടെ വിശദമായ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളും സ്വീകരിക്കും.

അമ്മയുടെയും മകളുടെയും മരണത്തിലേക്ക് നയിച്ച സംഭവത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തം ജപ്തി നടപടി സ്വീകരിച്ച കാനറാ ബാങ്കിനാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഒക്ടോബര്‍ വരെ നിലനില്‍ക്കുന്ന മൊറട്ടോറിയം ഈ നടപടിക്കും ബാധകമാണെന്ന് സര്‍ക്കാര്‍ കരുതുന്നു. കോടതി മുഖേനയുള്ള നടപടിയാണെങ്കിലും സംസ്ഥാനത്തെ സാഹചര്യവും സര്‍ക്കാര്‍ നിലപാടും കോടതിയെ അറിയിക്കേണ്ട ബാധ്യത ബാങ്കിനുണ്ടായിരുന്നുവെന്നാണ് സര്‍ക്കാര്‍ നിലപാട്. കര്‍ശന നടപടിയിലേക്ക് പോകാനാണ് സര്‍ക്കാര്‍ പൊലീസിനും റവന്യു വകുപ്പിനും നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ജില്ലാ കലക്ടറില്‍ നിന്ന് റവന്യു മന്ത്രി പ്രാഥമിക റിപ്പോര്‍ട്ട് വാങ്ങി. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് കിട്ടുന്ന മുറക്ക് മറ്റു നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും.