Football

സൂപ്പർ കപ്പിൽ പ്രതികാരം വീട്ടാം; ബ്ലാസ്റ്റേഴ്സിന് എതിരാളികളായി ബെംഗളൂരു

സൂപ്പർ കപ്പ് മൂന്നാം സീസണിന് കോഴിക്കോട്, മഞ്ചേരി എന്നിവിടങ്ങളായി ഏപ്രിൽ മൂന്നിന് ആരംഭിക്കും. ഐ ലീഗിലെ 10 ടീമുകളും ഐഎസ്എല്ലിലെ 11 ടീമുകളും ഉൾപ്പെടെ 21 ടീമുകളാണ് സൂപ്പർ കപ്പിൽ പങ്കെടുക്കുന്നത്. ടൂർണമെൻ്റിൽ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും ഒരു ഗ്രൂപ്പിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഏപ്രിൽ 16ന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടും. (blasters bengaluru super cup)

ഏപ്രിൽ 3ന് ഐ ലീഗിലെ 10 ടീമുകളുടെ നോക്കൗട്ട് മത്സരങ്ങളോടെയാണ് സൂപ്പർ കപ്പ് ആരംഭിക്കുക. അതിനു ശേഷം അതിലെ വിജയികളായ അഞ്ചു ടീമുകളെ ഉൾപ്പെടുത്തിക്കൊണ്ട് 16 ടീമുകളുടെ ഗ്രൂപ്പായി മഞ്ചേരിയിലും കോഴിക്കോടുമായി ഏപ്രിൽ 8 മുതൽ മത്സരങ്ങൾ ആരംഭിക്കും. കേരള ബ്ലാസ്റ്റേഴ്സ്, ബെംഗളൂരു എഫ്സി എന്നീ ടീമുകൾക്കൊപ്പം റൗണ്ട് ഗ്ലാസ് പഞ്ചാബും യോഗ്യതാ റൗണ്ട് കളിച്ചു വരുന്ന ടീമും ഗ്രൂപ്പ് എയിലാണ്.

ഗ്രൂപ്പ് ബിയിൽ ഹൈദരാബാദ് എഫ്സി, ഒഡീഷ എഫ്സി, ഈസ്റ്റ് ബംഗാൾ എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ ഘട്ടം കളിച്ചെത്തുന്ന ഒരു ടീമും ഉണ്ടാവും. ഗ്രൂപ്പ് സിയിൽ എടികെ മോഹൻ ബഗാൻ, എഫ്സി ഗോവ, ജംഷഡ്പൂർ എഫ്സി എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ ഘട്ടം കളിച്ചെത്തുന്ന ഒരു ടീം കളിക്കും. മുംബൈ സിറ്റി, ചെന്നൈയിൻ എഫ്സി, നോർത്തീസ്റ്റ് യുണൈറ്റഡ്, യോഗ്യതാ ഘട്ടം കളിച്ചെത്തുന്ന ഒരു ടീം എന്നിവർ ഗ്രൂപ്പ് ഡിയിലാണ്.

ഏപ്രിൽ 21നും 22നും ആകും സെമി ഫൈനലുകൾ. ഏപ്രിൽ 25ന് കോഴിക്കോട് വെച്ചാണ് ഫൈനൽ.