പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി. ഒ സൂരജിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. എട്ടുകോടി എണ്പതു ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ടി.ഒ സൂരജ് വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സംസ്ഥാന വിജിലൻസ് നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയായിട്ടായിരുന്നു എൻഫോഴ്സ്മെൻറ് അന്വേഷണം. ടി. ഒ സൂരജ് വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കണ്ടെത്തി. 2004 മുതലുളള അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷണവിധേയമാക്കിയിട്ടുണ്ട്. 13 ഇടങ്ങളിലെ സ്വത്തുക്കളും നാലു വാഹനങ്ങളുമാണ് എൻഫോഴ്സ്മെന്റ് കണ്ടു കെട്ടിയത്.
2004 മുതല്‍ 2014 വരെയുളള സമ്പാദ്യങ്ങളാണ് വിജിലന്‍സ് നേരത്തേ പരിശോധിച്ചത്. വിജിലന്‍സിന്റെ പരിശോധനയില്‍ 11 കോടിയുടെ അനധികൃത സ്വത്താണ് കണ്ടുകെട്ടിയത്. കൊച്ചിയിലെ വീട്, ഗോഡൌണ്‍ മറ്റ് കെട്ടിടങ്ങള്‍ എന്നിവ അനധികൃതമായി സമ്പാദിച്ചതാണെന്നാണ് വിജിലന്‍സ് നേരത്തെ കണ്ടെത്തിയത്. പൊതുമരാമത്ത് സെക്രട്ടറി ആയിരുന്ന കാലയളവിലാണ് ടി.ഒ സൂരജ് അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയിരിക്കുന്നത്.