World

കാണാതായ യുവാവ് സ്രാവിൻ്റെ വയറ്റിൽ; വീട്ടുകാർ തിരിച്ചറിഞ്ഞത് ടാറ്റൂ കണ്ട്

കാണാതായ യുവാവിൻ്റെ ശരീരാവശിഷ്ടങ്ങൾ സ്രാവിൻ്റെ വയറ്റിൽ നിന്ന് കണ്ടെത്തി. അർജൻ്റീനയിൽ 32കാരനായ ഡിയേഗോ ബരിയയാണ് മരണപ്പെട്ടത്. ഫെബ്രുവരി 18ന് കാണാതായ ഇയാൾക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടുകിട്ടിയിരുന്നില്ല. പിന്നീട് മത്സ്യത്തൊഴിലാളികൾ പിടികൂടിയ സ്രാവിൻ്റെ വയറ്റിൽ യുവാവിൻ്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. യുവാവിൻ്റെ ടാറ്റൂ കണ്ടാണ് കുടുംബം ശവശരീരം തിരിച്ചറിഞ്ഞത്.

ഫെബ്രുവരി 18 ന് അർജൻ്റീനയിലെ ചുബുറ്റ് പ്രവിശ്യയിൽ ക്വാഡ് സവാരി നടത്തുന്നതായാണ് അവസാനം ഡിയേഗോയെ ആളുകൾ കണ്ടത്. പ്രദേശത്താകമാനം തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടുകിട്ടിയില്ല. ഡിയേഗോയുടെ വാഹനം ഫെബ്രുവരി 20ന് പ്രദേശത്തുനിന്ന് ലഭിക്കുകയും ചെയ്തു. 10 ദിവസങ്ങൾക്കു ശേഷം ബരിയയുടെ സൈക്കിൾ കണ്ടെത്തിയ സ്ഥലത്തിനടുത്ത് കടലിൽ നിന്ന് മൂന്ന് സ്രാവുകളെ പിടികൂടിയെന്ന് രണ്ട് മത്സ്യത്തൊഴിലാളികൾ അറിയിച്ചു. സ്രാവിനെ മുറിച്ചുനോക്കിയപ്പോൾ ബരിയയുടെ കൈയുടെ അവശിഷ്ടങ്ങൾ കണ്ടുകിട്ടി. ഉടൻ തന്നെ ഇവർ കോസ്റ്റ് ഗാർഡിനെ വിവരമറിയിക്കുകയായിരുന്നു.

ഡിയേഗോ എങ്ങനെ കടലിലെത്തി എന്നത് വ്യക്തമല്ല. ഒന്നുകിൽ വാഹനാപകടം ഉണ്ടായി അദ്ദേഹം കടലിലേക്ക് തെറിച്ചുവീണതോ അല്ലെങ്കിൽ കടലിൽ നിന്നുള്ള വലിയ തിരയിൽ പെട്ട് വീണതോ ആവാമെന്നാണ് പ്രാഥമിക നിഗമനം.