കൊച്ചിയിലെ കുടിവെള്ള പ്രശ്നത്തിൽ കലം ഉടച്ച് പ്രതിഷേധവുമായി കോൺഗ്രസ്. കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. എറണാകുളം വാട്ടർ അതോറിറ്റിക്ക് മുന്നിലായിരുന്നു കലം ഉടച്ച് പ്രതിഷേധം.
കൊച്ചിയിലെ കുടിവെള്ളം ക്ഷാമം പരിഹരിക്കാൻ ഇനിയും സമയമെടുക്കുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. പാഴൂർ പഠമ്പിങ്ങ് സ്റ്റേഷനിലെ തകരാറിലായ മോട്ടോറുകളുടെ ട്രയൽ റൺ ഇന്ന് നടന്നില്ല . അതേ സമയം താൽകാലികമായി പ്രശ്നം പരിഹരിക്കാൻ തൈക്കാട്ടുശേരിയിൽ നിന്നും, മരടിൽ നിന്നും ടാങ്കറുകളിൽ കൊച്ചിയിലേക്ക് വെള്ളമെത്തിച്ച് തുടങ്ങിയിട്ടുണ്ട്.
കുടിനീരിനായി കേഴുന്ന കൊച്ചിക്ക് നല്ല വാർത്ത ഇന്നുമില്ല. പാഴൂർ പംമ്പിങ്ങ് സ്റ്റേഷനിലെ മോട്ടോറുകളുടെ അറ്റകുറ്റപ്പണി പൂർത്തിയായില്ല. ട്രയൽ റൺ ഇന്ന് നടത്താമെന്നായിരുന്നു നേരത്തെ അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ രണ്ടാമത്തെ മോട്ടോർ തിങ്കളാഴ്ച്ച മാത്രമേ ട്രയൽറണിന് സജ്ജമാകൂ എന്നാണ് അറിയുന്നത്. മൂന്നാമത്തെ മോട്ടോർ വെച്ച് വെള്ളിയാഴ്ച്ചയായിരിക്കും പംമ്പിങ്ങ് ട്രയൽ നടത്തുക. നാട്ടുകാരുടെ പ്രതിഷേധം കനത്തതോടെ തൈക്കാട്ടുശേരി ,മരട് എന്നിവിടങ്ങളിൽ നിന്ന് വലിയ ടാങ്കറുകളിൽ വെള്ളം എത്തിച്ച് തുടങ്ങി. ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ ജലവിതരണം ഏകോപിപ്പിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ കണ്ടുട്രോൾ റൂമും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
അതിനിടെ ജല വിതരണം മുടങ്ങിയത് അധികൃതരുടെ അനാസ്ഥയെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ എറണാകുളം വാട്ടർ അതോറിറ്റി ഓഫീസിലേക്ക് മാർച്ച് നടത്തി.