Cricket Sports

‘ബുംറ ഐപിഎൽ കളിച്ചില്ലെങ്കിൽ ലോകം അവസാനിക്കില്ല’; മുൻ-ഇന്ത്യൻ ബാറ്റർ

ഇന്ത്യയുടെ സ്റ്റാർ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ പരുക്കിനെ തുടർന്ന് ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയാണ്. കഴിഞ്ഞ വർഷത്തെ ഏഷ്യാ കപ്പിനൊപ്പം ടി20 ലോകകപ്പിലും താരം കളിച്ചിരുന്നില്ല. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏക ടി20 മത്സരം കളിച്ചെങ്കിലും അയോഗ്യനായി കാണപ്പെട്ട താരം ഈ വർഷം ആദ്യം മുതൽ പരുക്ക് മൂലം ടീമിൽ ഇടം നേടിയിട്ടില്ല. അതേസമയം വരാനിരിക്കുന്ന ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി ബുംറ കളിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. വിഷയത്തിൽ പ്രതികരണവുമായി മുൻ ഓപ്പണർ ആകാശ് ചോപ്ര രംഗത്തുവന്നു.

ഐപിഎല്ലിൽ ജോഫ്ര ആർച്ചറുമായി ഏഴ് മത്സരങ്ങൾ കളിച്ചില്ലെങ്കിൽ ലോകം അവസാനിക്കില്ല. ഈ വർഷാവസാനം നടക്കുന്ന വലിയ അന്താരാഷ്‌ട്ര മത്സരങ്ങൾക്ക് പേസർ പൂർണ യോഗ്യനാകണമെന്നതിനാൽ ബുംറ ഐപിഎൽ മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. ഇക്കാര്യം മുംബൈ ഇന്ത്യൻസിനോട് ബിസിസിഐ ആവശ്യപ്പെടണമെന്നും ആകാശ് ചോപ്ര സ്പോർട്സ്കിഡയോട് പറഞ്ഞു.

ബുംറ ഫിറ്റാണെങ്കിൽ ഇറാനി ട്രോഫിയും കൗണ്ടി ക്രിക്കറ്റും കളിക്കണം. ഐപിഎല്ലിന് ഇനിയും ഒരു മാസമുണ്ട്, അദ്ദേഹം എല്ലാ മത്സരങ്ങളും കളിക്കുമോ ഇല്ലയോ എന്ന് പോലും അറിയില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇനി മൂന്ന് മാസമുണ്ടെന്നും ഫിറ്റ്നസ് തെളിയിക്കണമെങ്കിൽ അദ്ദേഹത്തിന് കുറച്ച് റെഡ് ബോൾ ക്രിക്കറ്റ് കളിക്കേണ്ടിവരുമെന്നും ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.