Kerala

ആലുവയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി

ബജറ്റ് നിർദേശങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജിൻഹാദ് ജിന്നാസ്, ലിന്റോ പി ആന്റു എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു. ആലുവ ബൈപാസ് മെട്രോ സ്റ്റേഷനടുത്ത് വെച്ചായിരുന്നു സംഭവം. നെടുമ്പാശ്ശേരിയിൽ നിന്ന് ആലുവ പാലസിലേക്ക് പോകുന്ന യാത്രയിലായിരുന്നു മുഖ്യമന്ത്രി. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.

കേന്ദ്ര ​ഗവൺമെന്‍റ് സൃഷ്ടിച്ച സാമ്പത്തിക പ്രതിബന്ധങ്ങളെ ക്രിയാത്മകമായി മറികടന്ന് സംസ്ഥാനത്തെ വികസന പാതയിലൂടെ മുന്നോട്ട് നയിക്കുന്നതിനുള്ള ശക്തമായ ഇടപെടലാണ് 2023-24ലെ ബജറ്റ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.
കേരളത്തിന്‍റെ സാമ്പത്തിക വളർച്ച രണ്ടക്കത്തിലെത്തിയത് സുശക്തമായ മുന്നേറ്റം സൂചിപ്പിക്കുന്നതാണ്. 2012ന് ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണ് നമ്മുടേത്. നമ്മുടെ കാർഷിക – വ്യവസായ മേഖലകൾ പുത്തനുണർവിന്റെ പടവുകളിലാണ്. ഈ വിക​സനയാത്രയ്ക്ക് വേ​ഗം കൂട്ടുകയും കൂടുതൽ ഉത്തേജനം നൽകുകയും ചെയ്യുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു.