ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിൽ പ്രതിഷേധിച്ച ബിജെപി യുവമോർച്ച പ്രവർത്തകർക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. പൂജപ്പുരയിലെ ബിജെപി പ്രതിഷേധത്തിൽ 50 പേർക്കെതിരെയും, മാനവീയം വീഥിയിലെ 50 പേർക്കെതിരെയുമാണ് കേസ് എടുത്തത്.
ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനെതിരെ ബി.ജെ.പിയും യുവമോർച്ചയും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് ജലപീരങ്കി അടക്കം ഉപയോഗിച്ചാണ് ബി.ജെ.പി പ്രവർത്തകരെ പൊലീസ് പിരിച്ചുവിട്ടത്.
മാനവീയം വീഥിയിലെ യുവമോർച്ച പ്രതിഷേധത്തിലും അൻപതോളം ആളുകൾക്കെതിരെ കേസെടുത്തു. നിയമ വിരുദ്ധമായി സംഘം ചേരൽ, സംഘർഷം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സ്വാഭാവിക നിയമ നടപടിയെന്നാണ് പൊലീസ് പറയുന്നത്.
വിവാദമായ ബി.ബി.സി ഡോക്യുമെന്ററിയുടെ പ്രദർശനം സംസ്ഥാനത്ത് ഇന്നും തുടരും. ക്യാമ്പസുകൾ കേന്ദ്രീകരിച്ചും പൊതുസ്ഥലങ്ങളിലും പ്രദർശനമുണ്ടാകും.