Gulf

അബുദാബി കടൽത്തീരത്ത് പാമ്പുകൾ വർധിക്കുന്നു; ജാഗ്രതാ മുന്നറിയിപ്പുമായി അധികൃതർ

അബുദാബി കടൽത്തീരത്ത് കടൽപാമ്പുകൾ വർധിക്കുന്നു എന്ന് അധികൃതർ. അബുദാബി കാലാവസ്ഥാ ഏജൻസിയാണ് ബീച്ചിൽ പോകുനവർ ജാഗരൂകരാവണമെന്നറിയിച്ചത്. ശൈത്യകാലത്ത് ബീച്ചുകളിൽ കടൽപാമ്പുകൾ ഒരുപാടുണ്ടെന്നും ആളുകൾ ശ്രദ്ധിക്കണമെന്നും അബുദാബി കാലാവസ്ഥാ ഏജൻസി (ഇഎഡി) അറിയിച്ചു.

ശൈത്യകാലത്ത് കടൽപാമ്പുകൾ പ്രജനനത്തിനായി തീരത്തേക്ക് വരാറുണ്ട്. ബീച്ചുകളിലും പവിഴപ്പുറ്റുകളിലുമാണ് ഇവ പ്രജനനം നടത്താറുള്ളത്. 22 ഡിഗ്രി സെൽഷ്യസിനു താഴെ ഊഷ്‌മാവെത്തുമ്പോഴാണ് പാമ്പുകൾ തീരത്തേക്ക് എത്താറുള്ളത്. ഈ ആഴ്ച അബുദാബിയിലെ കാലാവസ്ഥ 21 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നിരുന്നു. കടൽപാമ്പിനെ തൊടരുതെന്നും ചത്ത പാമ്പുകളാണെന്ന് തോന്നിയാലും കയ്യിലെടുക്കരുതെന്നും ഇഎഡി മുന്നറിയിപ്പ് നൽകി. ഇവ വിഷമുള്ളതാണ്. അപൂർവമായേ കടിക്കാറുള്ളൂ. കടിയേറ്റാൽ ഉടൻ വൈദ്യസഹായം തേടണമെന്നും ഇഎഡി പറഞ്ഞു.