കഞ്ചവാല കേസിൽ കൊല്ലപ്പട്ട അഞ്ജലിയുടെ സുഹൃത്തും, കേസിലെ മുഖ്യസാക്ഷിയുമായ നിധിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം. നിധി നേരത്തെ നൽകിയ മൊഴിയിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.
അഞ്ജലിയും നിധിയും തമ്മിൽ പണത്തിന്റ പേരിലാണ് തർക്കമുണ്ടായതെന്ന് ഇരുവരുടെയും സുഹൃത്ത് നവീൻ വെളിപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങളും നിധി യോട് ഉന്നയിക്കും. അന്വേഷണത്തിന്റെ ഭാഗമായാണ് നിധിയെ വീണ്ടും ചോദ്യം ചെയ്യുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. അതേ സമയം നിധിക്കെതിരെയും കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് അഞ്ജലിയുടെ കുടുംബം രംഗത്ത് വന്നു. ഹോട്ടലിൽ നടന്ന ആഘോഷത്തിന് മുൻപായി ഇരുവരോടും ഒപ്പം സ്കൂട്ടറിൽ കണ്ട സുഹൃത്തിനെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
അഞ്ജലി കൊല്ലപ്പെട്ട അപകടത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. അഞ്ജലി സിങ്ങിന്റെ ശരീരത്തിൽ 40 മുറിവുകളുണ്ടായിരുന്നുവെന്നും ശരീരത്തിലെ തൊലി ഉരിഞ്ഞ് പോയിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശരീരം റോഡിൽ ഉരഞ്ഞു വാരിയെല്ലുകൾ പുറത്ത് വന്ന നിലയിലായിരുന്നു. തലയോട്ടിയുടെ അടിഭാഗം പൊട്ടി, തലച്ചോറിന്റ ഒരു ഭാഗം നഷ്ടപ്പെട്ടിരുന്നു. ഇടിയുടെ ആഘാതവും രക്തസ്രാവവുമാണ് മരണകാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
അഞ്ജലി ലൈംഗികമായി ആക്രമിക്കപ്പെട്ടിട്ടില്ല എന്ന വിവരം നേരത്തെ പുറത്ത് വന്നിരിന്നു. അഞ്ജലി മദ്യപിച്ചിരുന്നു എന്ന സുഹൃത്ത് നിധിയുടെ ആരോപണത്തെ തള്ളുന്നതാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.