പീഡനം ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായ ഇൻസ്‌പെക്ടർ പി.ആർ.സുനു ഇന്ന് പോലീസ് ആസ്ഥാനത്തു ഡിജിപിക്ക് മുൻപിൽ ഹാജരായേക്കും.രാവിലെ 11 മണിക്ക് ഹാജരാകണമെന്നാണ് ഡിജിപി നൽകിയിരിക്കുന്ന നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. പിരിച്ചുവിടാതിരിക്കാനുള്ള കാരണം വിശദീകരിക്കാനാണ് ഹാജരാകേണ്ടത്.
സുനുവിനെ പിരിച്ചു വിടുന്ന കാര്യത്തിൽ നാളെ തീരുമാനമെടുക്കും.തൃക്കാക്കര കൂട്ടബലാൽസംഗക്കേസിൽ സുനു കുറ്റക്കാരനാണോയെന്ന് ഉറപ്പിച്ചിട്ടില്ലങ്കിലും മുൻകാല ചരിത്രം വെച്ച് ഇയാൾക്ക് സേനയിൽ തുടരാൻ അർഹതയില്ലെന്നാണ് ഡിജിപി ആഭ്യന്തര വകുപ്പിന് നൽകിയിരിക്കുന്ന റിപ്പോർട്ട്. ആറ് ക്രിമിനൽ കേസുകളിൽ സുനു ഇപ്പോൾ പ്രതിയാണ്.
പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ഡി.ജി.പി ഇദ്ദേഹത്തോട് നെരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു. മൂന്നു ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ ആരോപണവിധേയനായ സി.ഐ ഇപ്പോൾ സസ്പെൻഷനിലാണ്.
എഫ്.ഐ.ആറിൽ പ്രതിയായിരിക്കെ സുനു ജോലിക്കെത്തിയത് വിവാദമായിരുന്നു. തുടർന്നാണ് അദ്ദേഹത്തോട് അവധിയിൽ പോകാൻ ആവശ്യപ്പെട്ടത്. കടവന്ത്രയിൽവെച്ചും തൃക്കാക്കരയിലെ വീട്ടിൽവെച്ചും സി.ഐ അടക്കമുള്ളവർ കൂട്ടബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ മൊഴി. പി.ആർ സുനു15 പ്രാവശ്യം വകുപ്പുതല നടപടിക്ക് വിധേയനായിട്ടുണ്ട്. ഓരോ കുറ്റകൃത്യത്തെ കുറിച്ചും വിശദമായി പരാമർശിച്ചാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.