നാടിന് നല്കിയ വാക്ക് കാത്ത് 36 വര്‍ഷങ്ങള്‍ക്കുശേഷം അര്‍ജന്റീനയ്ക്കായി ലോകകപ്പ് നേടിയെടുത്തപ്പോള്‍ ലോകം മെസിയെ മിശിഹാ എന്ന് വിളിച്ചാണ് വാഴ്ത്തിയത്. അര്‍ജന്റീന ആരാധകര്‍ മാത്രമല്ല ആവേശകരവും വിസ്മയകരവുമായ ഒരു ഫൈനല്‍ സമ്മാനിച്ചതിന് ഫുട്ബോളിനെ സ്നേഹിക്കുന്ന എല്ലാവരും മെസിയെ വാഴ്ത്തി. വിശ്വവിജയത്തിന് പിന്നാലെ ഇപ്പോള്‍ മെസിയെ തേടി മറ്റൊരു അംഗീകാരവും എത്തിയിരിക്കുകയാണ്. ബിബിസിയുടെ 2022ലെ ലോക കായിക താരമായി തെരഞ്ഞെടുത്തിരിക്കുന്നതും 35 വയസുകാരനായ ലയണല്‍ മെസിയെയാണ്. ലോകകപ്പിലെ ഉള്‍പ്പെടെ പ്രകടനങ്ങള്‍ കണക്കിലെടുത്ത് തന്നെയാണ് അംഗീകാരം.
കഴിഞ്ഞ 12 മാസത്തിനിടെ ലോക വേദിയില്‍ ഏറ്റവും ശ്രദ്ധേയമായ കായിക നേട്ടം സ്വന്തമാക്കുന്നവര്‍ക്ക് നല്കുന്ന ബിബിസിയുടെ അംഗീകാരമാണിത്. തന്റെ കരിയറില്‍ ഉടനീളം 793 ഗോളുകളാണ് മെസി സ്വന്തമാക്കിയിട്ടുള്ളത്.
ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കലാശപ്പോരിനാണ് ഇന്നലെ ലുസൈല്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 23ആം മിനിട്ടില്‍ മെസിയും 36ആം മിനിട്ടില്‍ ഡി മരിയയും നേടിയ ഗോളില്‍ അര്‍ജന്റീന മുന്നിലെത്തി. 79ആം മിനിട്ട് വരെ ഈ ലീഡ് സൂക്ഷിക്കാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചു. 80, 81 മിനിട്ടുകളില്‍ എംബാപ്പെ ഫ്രാന്‍സിനായി ഗോളുകള്‍ മടക്കിയതോടെ കളി അധികസമയത്തേക്ക്. അധികസമയത്ത്, 108ആം മിനിട്ടില്‍ മെസിയിലൂടെ വീണ്ടും അര്‍ജന്റീന ലീഡെടുത്തു. എന്നാല്‍, 118ആം മിനിട്ടില്‍ എംബാപ്പെ തന്റെ ഹാട്രിക്ക് ഗോള്‍ നേടി ഫ്രാന്‍സിനെ വീണ്ടും ഒപ്പമെത്തിച്ചു. ഷൂട്ടൗട്ടില്‍ രണ്ടും മൂന്നും കിക്കുകള്‍ ഫ്രാന്‍സ് പാഴാക്കിയപ്പോള്‍ അര്‍ജന്റീന എല്ലാ കിക്കുകളും ലക്ഷ്യത്തിലെത്തിച്ചു.