Entertainment

മുസ്ലിം സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തി; ‘പത്താൻ’ പ്രദർശിപ്പിക്കില്ലെന്ന് ഉലമ ബോർഡ്

ഷാരൂഖ് ഖാൻ ചിത്രം പത്താനെതിരെ പ്രതിഷേധം കടുക്കുന്നു. ചിത്രം പ്രദർശിപ്പിക്കില്ലെന്ന നിലപാടിൽ കൂടുതൽ സംഘടനകൾ രംഗത്തെത്തി. ചിത്രം മുസ്ലിം സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശിലെ ഉലമ ബോർഡ് പ്രതിഷേധം അറിയിച്ചു.

ചിത്രം വിലക്കണമെന്നാണ് മധ്യപ്രദേശ് ഉലമ ബോർഡ് അധ്യക്ഷൻ സയ്യിദ് അനസ് അലി ആവശ്യപ്പെട്ടത്. മുസ്ലീങ്ങൾക്കിടയിലെ ആദരിക്കപ്പെടുന്ന വിഭാഗമാണ് പത്താൻ എന്നും ചിത്രത്തിലൂടെ ഈ വിഭാഗത്തെ അപമാനിക്കുകയാണെന്നും ആണ് ആരോപണം.

പത്താൻ എന്ന് പേരുള്ള സിനിമയിൽ സ്ത്രീകൾ അൽപ വസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നൃത്തരംഗത്തിൽ നടി ദീപികാ പദുകോൺ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചത് ചൂണ്ടിക്കാട്ടിയാണ് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി വിവാദങ്ങൾക്ക് തുടക്കമിട്ടത്. കാവി നിറത്തിലുള്ള വേഷം ധരിച്ചതോടെ ഹിന്ദുത്വത്തെ അപമാനിക്കുകയാണെന്നായിരുന്നു ബിജെപി നേതാക്കൾ ആരോപിച്ചത്.