India Kerala

ജയ്പൂര്‍ കൃത്രിമക്കാലുകളും അനുബന്ധ അവയവങ്ങളും സൗജന്യമായി തിരുവനന്തപുരത്ത്

കൃത്രിമക്കാലുകളും അനുബന്ധ അവയവങ്ങളും സൗജന്യമായി ലഭിക്കുന്ന കേന്ദ്രം തിരുവനന്തപുരത്ത് നിലവിൽ വന്നു. പ്രമുഖ ആശുപത്രി ശൃംഖലയായ കിംസ് ആണ് ജയ്പൂർ കാലിന്റെ നിർമാണ കേന്ദ്രം തുറന്നത്. സംസ്ഥാനത്തിന് പുറമെ തമിഴ്നാട്ടിലെയും ശ്രീലങ്കയിലെയും അംഗ പരിമിതരെ സഹായിക്കാനാണ് കിംസ് ജയ്പൂർ ഫൂട്ട് സെന്റർ ലക്ഷ്യമിടുന്നത്.

കൃത്രിമ കാൽ റെഡിമെയ്ഡ് ആയി നൽകുകയല്ല. ആവശ്യങ്ങൾ പരിഗണിച്ച് നിർമിച്ചു നൽകുന്നതിന് കേന്ദ്രം തന്നെ സ്ഥാപിച്ചാണ് ഈ സൌജന്യ സേവനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. അളവും ആവശ്യവും ലഭിച്ചാൽ വേഗത്തിൽ നിർമിക്കുന്നതിന് പരിശീലനം സിദ്ധിച്ചവരുടെ സേവനമാണ് ഇവിടെ ലഭിക്കുന്നത്. ദിവസവും മുഴുവൻ സമയവും സേവനം ലഭ്യമാണ്. മുട്ടിന് താഴെ കാൽ നഷ്ടപ്പെട്ടവർക്ക് ജയ്പൂർ കൃത്രിമ കാൽ ഉപയോഗിച്ച് അനായാസേന ഇരിക്കാനും ഓടാനും കയറ്റം കയറാനും നീന്താനും സാധിക്കും. അംഗ പരിമിതരുടെ സാമൂഹിക പുനരധിവാസത്തിലൂടെ അവരുടെ അന്തസുയർത്തുകയാണ് കിംസ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

ജയ്പൂർ കാലിന്റെ പേരിൽ പ്രസിദ്ധമായ ഭഗവാൻ മഹാവീർ വികലാംഗ് സഹായസമിതി (ബി.എം.വി.എസ്.എസ്) യുമായി സഹകരിച്ചാണ് കിംസ് ജെയ്പൂർ ഫൂട് സെന്റർ പ്രവർത്തിക്കുക. ബി.എം.വി.എസ്.എസ് സ്ഥാപകൻ ഡി.ആർ മെഹ്ത, കിംസ് വൈസ് ചെയർമാൻ ഡോ.ജി വിജയരാഘവൻ, എക്സിക്യൂട്ടീവ് ഡയറക്ടർ ഇ.എം നജീബ്, ഡോ.പ്രസാദ് മാത്യൂസ് എന്നിവർ വാർത്താ സമ്മേളത്തിൽ പങ്കെടുത്തു.