പ്രളയം തകർത്ത പത്തനംതിട്ട ജില്ലയാണ് ഇത്തവണ എസ് എസ് എൽ സി വിജയ ശതമാനത്തിൽ മുന്നിൽ. 99.33 ശതമാനം വിദ്യാര്‍ത്ഥികള്‍ ജില്ലയില്‍ നിന്നും ഉപരിപഠനത്തിന് യോഗ്യത നേടി. ചിട്ടയായ പ്രവർത്തനത്തിലൂടെയാണ് ജില്ല ഈ നേട്ടം നേടിയത്. നാടിനെ നടുക്കിയ പ്രളയത്തിൽ രണ്ടാഴ്ച്ച കാലത്തോളമാണ് പത്തനംതിട്ട ജില്ലയിലെ സ്കുളുകൾ അടഞ്ഞുകിടന്നത്. പല സ്കുളുകളും ദുരിതാശ്വാസ ക്യാമ്പുകളായി. ഇതിനെയെല്ലാം അതീജീവിച്ചാണ് കുട്ടികൾ അഭിമാന നേട്ടം കൊയ്തത്.
10852 വിദ്യാര്‍ത്ഥികളാണ് ജില്ലയില്‍ നിന്നും എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. ഇതില്‍ 10780 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ 99.32 ശതമാനവും പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ 99.35 ശതമനാവുമാണ് വിജയം. ഏറ്റവും കുറച്ച് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ റവന്യൂ ജില്ലയും പത്തനംതിട്ടയാണ്. 890 വിദ്യാര്‍ത്ഥികളാണ് ജില്ലയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്.
തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ 249 പേരും പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ 641 പേരും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. 168 സ്കൂളുകൾ ജില്ലയിൽ പരീക്ഷ കേന്ദ്രങ്ങളായപ്പോൾ 130 സ്കൂളുകൾ 100 ശതമാനം വിജയം നേടി. സർക്കാർ മേഖലയിൽ ആകെയുള്ള 50 സ്കൂളുകിൽ 42 സ്കുളുകൾ 100 ശതമാനം വിജയവും നേടി.