Kerala

ശശി തരൂരിനെ മുൻനിർത്തി കോൺഗ്രസിൽ പടയൊരുക്കം

സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്ന ശശി തരൂരിനെ മുൻനിർത്തി കോൺഗ്രസിൽ പടയൊരുക്കം. വി.ഡി. സതീശനെ കെ.മുരളീധരൻ തള്ളിപ്പറഞ്ഞതോടെ കോൺഗ്രസിൽ എ – ഐ ഗ്രൂപ്പുകളിൽ ഒരു വിഭാഗത്തിന്റെ പിന്തുണ ശക്തമായ പിന്തുണ ശശി തരൂരിനാണെന്ന് ഉറപ്പായി. കോട്ടയത്തെ യൂത്ത്കോൺഗ്രസ് പരിപാടിയിൽ വി.ഡി. സതീശനെ മാറ്റി ശശി തരൂരിനെ മുഖ്യാഥിതിയാക്കിയതും കോൺഗ്രസിലെ മാറുന്ന ഗ്രൂപ്പ് സമവാക്യങ്ങളുടെ ഭാഗമാണ്.

കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി.ഡി. സതീശനും തുറന്നെതിർക്കുമ്പോഴും സംസ്ഥാന രാഷ്ട്രീയത്തിൽ തനിവഴി വെട്ടി തുറക്കുകയാണ് തരൂർ.യുവനേതാക്കളിൽ തരൂർ ഫാൻസ് എണ്ണത്തിൽ കൂടുതലുണ്ട്. മുതിർന്നവരിൽ കെ.മുരളീധരൻ ഉൾപ്പെടെ പ്രമുഖരുടെ പിന്തുണയും തരൂർ ഉറപ്പിച്ച് കഴിഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തിൽ തരൂരിന്റെ ഇടം അനിഷേധ്യമെന്നും ആരെയും വില കുറച്ച് കാണരുതെന്നും മുരളീധരൻ വി.ഡി. സതീശന് മറുപടി നൽകി.

എ. ഗ്രൂപ്പിൽ ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണ് എം.കെ രാഘവൻ എം.പിയുടെ തരൂർ അനുകൂല നീക്കം. കോട്ടയത്തെ യൂത്ത്കോൺഗ്രസ് പരിപാടിയിൽ നിന്ന് വി.ഡി. സതീശനെ ഒഴിവാക്കി തരൂരിനെ ഉദ്ഘാടകനാക്കിയതും കോൺഗ്രസിലെ പുതിയ നീക്കങ്ങളുടെ ഭാഗം തന്നെ. സതീശനെ ഒഴിവാക്കിയ പോസ്റ്റർ വിവാദമായതോടെ പുതിയ പോസ്റ്റർ ഇറക്കിയെങ്കിലും സതീശന് പകരം തരൂർ എന്ന സന്ദേശം വ്യക്തമാണ്. കോട്ടയത്തെ പ്രബല എ. ഗ്രൂപ്പുകാർ തരൂരിനൊപ്പം നിൽക്കുമ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെ ഒരു വിഭാഗം നേതാക്കൾ സതീശനൊപ്പമാണ്.
ഉമ്മൻചാണ്ടിയുടെ നിലപാടും ഇക്കാര്യത്തിൽ നിർണായകമാണ്. തരംഗത്തിൽ കോൺഗ്രസിൽ വലിയ ചലനങ്ങളുണ്ടായാൽ പരമ്പരാഗത എ – ഐ ഗ്രൂപ്പുകൾ ശിഥിലമാവുമെന്ന കാര്യം തീർച്ച.