World

ഹൃദ്‌രോഗം മൂലം പിതാവ് മരിച്ചു പിന്നാലെ പട്ടിണി കിടന്ന് രണ്ട് വയസുകാരനായ മകനും

ന്യൂയോര്‍ക്കിൽ ഹൃദ്‌രോഗം മൂലം അന്‍പത്തൊന്‍പതുകാരനായ പിതാവ് മരിച്ചതിന് പിന്നാലെ പട്ടിണി കിടന്ന് 2 വയസുകാരന്‍ മരിച്ചു. ഡേവിഡ് കോണ്‍ഡേ എന്ന 59കാരനും രണ്ട് വയസുള്ള മകന്‍ ഡേവിഡ് കോണ്‍ഡേ ജൂനിയറിനേയും കഴിഞ്ഞ ഫെബ്രുവരിയിലാണ് ന്യൂയോര്‍ക്കിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഡേവിഡിന്‍റേത് ഹൃദയസംബന്ധിയായ തകരാറുകളേ തുടര്‍ന്നുള്ള സ്വാഭാവിക മരണമാണെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇതിന് പിന്നാലെ മകന് ഭക്ഷണം ലഭിക്കാതെ പട്ടിണി മരണം സംഭവിക്കുകയായിരുന്നുവെന്നും പൊലീസ് അന്വേഷണ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

2019 ഒക്ടോബര്‍ 29നാണ് ഡേവിഡ് ജൂനിയര്‍ ജനിച്ചത്. ജനന സമയത്തെ ചില തകരാറുകള്‍ മൂലം അടുത്തിടെ മാത്രമായിരുന്നു ഡേവിഡ് ജൂനിയര്‍ നടക്കാന്‍ ആരംഭിച്ചത്. നിരവധി ശസ്ത്രക്രിയകള്‍ക്കും പരിശീലനത്തിനും ശേഷമായിരുന്നു ഇത്. സ്ഥിരമായുള്ള പരിശോധനകള്‍ക്ക് മകനുമായി എത്താറുള്ള ഡേവിഡിനെ കാണാതെ വന്നതിനേ തുടര്‍ന്ന് പൊലീസ് വിട്ടീലെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീടിനുള്ളില്‍ മല്‍പ്പിടുത്തമോ മറ്റ് ആക്രമണമോ അടയാളങ്ങളും കാണാനില്ലായിരുന്നു. ഇതിന് പിന്നാലെയാണ് ഇവരുടെ മരണത്തില്‍ പ്രത്യേക അന്വേഷണം നടന്നത്. അപാര്‍ട്ട്മെന്‍റിലെ കിടപ്പുമുറിയിലായിരുന്നു ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. പൊലീസ് എത്തുന്നതിന് രണ്ട് ദിവസം മുന്‍പായിരിക്കാം മരണം സംഭവിച്ചതെന്നാണ് വിലയിരുത്തല്‍. അമ്മ, അമ്മയുടെ അമ്മ, ആറ് സഹോദരന്മാര്‍ എന്നിവരടങ്ങുന്നതാണ് ഡേവിഡിന്‍റെ കുടുംബം.