മെഡിക്കൽ കോളജിലേക്ക് കെഎസ്ആർടി സി ബസിൽ പോകുകയായിരുന്ന യുവതി കുഴഞ്ഞുവീണു. അപകടത്തിൽപ്പെട്ട ഭർത്താവിനെ കാണാനായി പോവുകയായിരുന്നു യുവതി. ഡ്രൈവർ ഷംജുവും കണ്ടക്ടർ ഷിബിയും ബോധരഹിതയായ യുവതിയെ അതിവേഗം ആശുപത്രിയിൽ എത്തിക്കുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്തു. തൈക്കാട് ആശുപത്രിയിലായ വൃന്ദയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് അറിഞ്ഞ ശേഷമാണ് മറ്റു യാത്രക്കാരെയുംകൂട്ടി ബസ് യാത്ര തുടർന്നത്.
വെൺപകലിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് ബുധനാഴ്ച രാവിലെ എട്ടരയ്ക്ക് പുറപ്പെട്ട ബസിലെ യാത്രക്കാരിയായ അവണാകുഴി വൃന്ദാ ഭവനിൽ വൃന്ദ (26)യാണ് കുഴഞ്ഞുവീണത്. ഒൻപതരയോടെ കരമന വച്ചാണ് വൃന്ദ ബസിൽ കുഴഞ്ഞുവീണത്. സഹോദരി വിദ്യയുടെ നിലവിളികേട്ടാണ് ബസിലുള്ളവർ ഇതറിഞ്ഞത്. ബസിൽ അൻപതോളം യാത്രക്കാരുമുണ്ടായിരുന്നു.
വൃന്ദയുടെ ആരോഗ്യനില വഷളാണെന്നറിഞ്ഞ ഡ്രൈവർ ഷംജു മറ്റു യാത്രക്കാരുമായി ബസ് വേഗത്തിൽ ആശുപത്രിയിലേക്ക് വിട്ടു. വനിതാ കണ്ടക്ടർ ഷിബി, വൃന്ദയെ പരിചരിച്ചു. നഗരത്തിലെ ഗതാഗതക്കുരുക്കിനിടയിലൂടെ ആംബുലൻസ് കണക്കെ ഷംജു ബസുമായി പാഞ്ഞു. ട്രാഫിക് പൊലീസ് ഇക്കാര്യമറിഞ്ഞ് വഴിയൊരുക്കി നൽകി. നിമിഷനേരങ്ങൾക്കകം ബസ് തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ അത്യാഹിതവിഭാഗത്തിലെത്തി. കുഴഞ്ഞുവീണ വൃന്ദയെ എടുത്ത് ഷംജു അത്യാഹിത വിഭാഗത്തിലാക്കി.