Kerala

പോക്‌സോ ഇരയോട് പൊലീസിന്റെ ക്രൂരത; മോശമായി പെരുമാറി, തെളിവെടുപ്പിനിടെ ഫോട്ടോഷൂട്ടിനും നിര്‍ബന്ധിച്ചെന്ന് പരാതി

വയനാട് അമ്പലവയലില്‍ എസ്ടി വിഭാഗത്തില്‍പ്പെട്ട പോക്‌സോ കേസ് ഇരയോട് പൊലീസിന്റെ ക്രൂരത. അമ്പലവയല്‍ എഎസ്‌ഐ ആണ് 17 വയസുകാരിയായ പോക്‌സോ കേസ് ഇരയോട് മോശമായി പെരുമാറിയത്. തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെയായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ ക്രൂരത. തെളിവെടുപ്പിനിടെ പെണ്‍കുട്ടിയെ ഫോട്ടോ ഷൂട്ടിന് നിര്‍ബന്ധിച്ചെന്നും പരാതിയില്‍ പറയുന്നു.( police cruelty against pocso case victim)

സംഭവം വിവാദമായതോടെ എഎസ്‌ഐ ബാബു ടി.ജിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഡിഐജി രാഹുല്‍ ആര്‍ നായരാണ് നടപടിക്ക് ഉത്തരവിട്ടത്. എസ്‌ഐ സോബിനും വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കും എതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അതേമയം സംഭവം നടന്ന് രണ്ടുമാസമായിട്ടും കേസില്‍ എഫ്‌ഐആര്‍ ഇട്ടിട്ടില്ല.

തെളിവെടുപ്പിന് വേണ്ടി പൊലീസിന്റെ സാന്നിധ്യത്തില്‍ മൈസൂരുവിലേക്കാണ് 17കാരിയെ കൊണ്ടുപോയത്. ഇതിനിടയിലാണ് എഎസ്‌ഐ മോശമായി പെരുമാറിയത്. കുട്ടിയോട് ക്രൂരത കാണിച്ചിട്ടും വേണ്ട ഇടപെടലുണ്ടാകാത്ത സാഹചര്യത്തിലാണ് വനിത പൊലീസ് ഉദ്യോഗസ്ഥ പ്രജുഷയ്ക്ക് നേരയും അന്വേഷണത്തിന് ഉത്തരവിട്ടത്.

പൊലീസുകാര്‍ മോശമായി പെരുമാറിയതില്‍ പെണ്‍കുട്ടി സിഡബ്ല്യുസിക്ക് പരാതി നല്‍തിയിരുന്നു. ഈ പരാതി സിഡബ്ല്യുസി ജില്ലാ പൊലീസ് മേധാവിക്കും കൈമാറി. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരമേഖലാ ഡിഐജി രാഹുല്‍ ആര്‍ നായര്‍ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തത്.