രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിലേക്ക് പ്രവേശിച്ചു. തെലങ്കാനയിലെ പര്യടനം പൂർത്തിയാക്കി ഇന്നലെ രാത്രിയോടെയാണ് യാത്ര മഹാരാഷ്ട്രയിലേക്ക് കടന്നത്. ഡെഗ്ലൂർ കലാമന്ദിറിൽ മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതൃത്വം യാത്രയെ വരവേറ്റു. രണ്ടു മാസം പിന്നിട്ട യാത്ര ഇതിനോടകം 1500 കിലോമീറ്റർ ആണ് സഞ്ചരിച്ചത്.
ഭാരത് ജോഡോ യാത്രയുടെ വിഡിയോയിൽ കെജിഎഫ് 2 മ്യൂസിക് ഉപയോഗിച്ചതിൽ രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തിട്ടുണ്ട്. കർണാടകയിലെ യശ്വന്ത്പുർ പൊലീസാണ് പകർപ്പവകാശ നിയമപ്രകാരം രാഹുൻ ഗാന്ധി, ജയറാം രമേശ്, സുപ്രിയ ശ്രീനാഥെ എന്നിവർക്കെതിരെ കേസെടുത്തത്. എംആർടി മ്യൂസികിന്റെ പരാതിയിലാണ് കേസ്. കോൺഗ്രസിൻ്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ ഹാൻഡിൽ താത്കാലികമായി ബ്ലോക്ക് ചെയ്യാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി പൊതുജനങ്ങളുമായി സംസാരിക്കുന്നതും മറ്റും വിഡിയോ ആയി ചിത്രീകരിച്ച് കെജിഎഫ് 2 ലെ സുൽത്താൻ എന്ന ഗാനവും പിന്നണിയിലിട്ടാണ് കോൺഗ്രസ് പോജുകളിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. അനുമതിയില്ലാതെയാണ് ഗാനം ഉപയോഗിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.