ഡ്രൈവര്‍ നിയമനം നടക്കാത്തതിനാല്‍ നിരത്തിലിറങ്ങാതെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് അനുവദിച്ച ആംബുലന്‍സ്. തിരുവനന്തപുരം മാറനല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ഈ ദുരവസ്ഥ. മാറനല്ലൂര്‍ പഞ്ചായത്ത് ഡ്രൈവറെ നിയമിക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണെന്നാണ് ആക്ഷേപം.
ടി.എന്‍ സീമ എം.പിയായിരിക്കെയാണ് മാറനല്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് ആംബുലന്‍സ് നല്‍കിയത്. ആറ് മാസം മുമ്പ് ഉദ്ഘാടനവും നടത്തി. എന്നാല്‍ ഡ്രൈവറെ നിയമിക്കാത്തതിനാല്‍ ആംബുലന്‍സ് പ്രവര്‍ത്തനം തുടങ്ങിയില്ല. 21 വാര്‍ഡുകളാണ് മാറനല്ലൂര്‍ പഞ്ചായത്തിലുള്ളത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത് വാടകക്ക് വണ്ടിയെടുത്താണ്.
ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചാല്‍ അതിനും പരിഹാരമാകും. രാഷ്ട്രീയ തര്‍ക്കങ്ങളാണ് നിയമനം നടക്കാത്തതിന് പിന്നിലെന്നാണ് ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്ഐ മാര്‍ച്ച് നടത്തി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഉടന്‍ നിയമനം നടത്തുമെന്നാണ് പഞ്ചായത്ത് അധികൃതരുടെ പ്രതികരണം.