World

‘നിന്നില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു’; ഋഷി സുനകിന്റെ വിജയത്തില്‍ പ്രതികരിച്ച് നാരായണ മൂര്‍ത്തി

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിന് ആശംസകളുമായി ഇന്‍ഫോസിസ് സഹസ്ഥാപനകനും ഭാര്യാ പിതാവുമായ എന്‍ ആര്‍ നാരായണ മൂര്‍ത്തി. ‘അവന്റെ വിജയത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹത്തിന് ആശംസകള്‍ നേരുന്നു’വെന്നും നാരായണ മൂര്‍ത്തി ആദ്യ പ്രതികരണത്തില്‍ പറഞ്ഞു.

‘റിഷിക്ക് അഭിനന്ദനങ്ങള്‍. ഞങ്ങള്‍ അദ്ദേഹത്തെ ഓര്‍ത്ത് അഭിമാനിക്കുന്നു. അദ്ദേഹത്തിന് എല്ലാ വിജയാശംസകളും നേരുന്നു. യുകെയിലെ ജനങ്ങള്‍ക്ക് വേണ്ടി അദ്ദേഹം തന്റെ പരമാവധി ചെയ്യുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്’. നാരായണ മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.

ഫാര്‍മസിസ്റ്റായ അമ്മയുടെയും ഡോക്ടറായ അച്ഛന്റെയും മകനായി ജനിച്ച ഋഷി സുനക് ഇംഗ്ലണ്ടിലെ വിന്‍ചെസ്റ്ററിലും ഓക്‌സ്‌ഫോര്‍ഡിലും വിദ്യാഭ്യാസം നേടിയിട്ടുണ്ട്. കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡില്‍ നിന്ന് എംബിഎ ചെയ്യുമ്പോഴാണ് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയെ കണ്ടുമുട്ടുന്നതും ജീവിതസഖിയാക്കുന്നതും.

193 എംപിമാരുടെ പിന്തുണ നേടിയാണ് ഋഷി സുനക് ബ്രിട്ടന്റെ ആദ്യ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രിയായത്. മുന്‍ പ്രതിരോധ മന്ത്രി പെന്നി മോര്‍ഡന്റ് മത്സരത്തില്‍ നിന്ന് പിന്മാറി. 26 എംപിമാരുടെ പിന്തുണയാണ് പെന്നി മോര്‍ഡന്റ് നേടിയത്. പകുതിയിലേറെ എംപിമാരുടെ പിന്തുണ നേടിയ ഋഷിയെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മല്‍സരത്തില്‍ നിന്നു നേരത്തെ പിന്മാറിയിരുന്നു.