അവിശ്വസനീയ ബാറ്റിംഗ് പ്രകടനവുമായി വെസ്റ്റ് ഇൻഡീസ് താരം റഖീം കോൺവാൾ. അമേരിക്കയിലെ അറ്റ്ലാൻ്റ ഓപ്പൺ 2022 ടി-20 ടൂർണമെൻ്റിൽ അറ്റ്ലാൻ്റ ഫയറിനു വേണ്ടി ഇറങ്ങിയ താരം 77 പന്തുകളിൽ 205 റൺസ് നേടി പുറത്താവാതെ നിന്നു. വിൻഡീസിനായി ടെസ്റ്റ് മത്സരങ്ങളിൽ മാത്രമാണ് താരം കളിച്ചിട്ടുള്ളത്.
സ്ക്വയർ ഡ്രൈവ് ടീമിനെതിരെയായിരുന്നു കോൺവാളിൻ്റെ പ്രകടനം. കോൺവാളിൻ്റെ അവിശ്വസനീയ പ്രകടനത്തിൻ്റെ മികവിൽ അറ്റ്ലാൻ്റ ഫയർ 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 326 റൺസ് നേടി. മത്സരത്തിൽ അറ്റ്ലാൻ്റ ഫയർ 172 റൺസിനു വിജയിക്കുകയും ചെയ്തു.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അറ്റ്ലാൻ്റയ്ക്കായി കോൺവാളും സ്റ്റീവൻ ടെയ്ലറും ചേർന്നാണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 101 റൺസ് കൂട്ടിച്ചേർത്തു. 18 പന്തുകളിൽ 53 റൺസെടുത്ത ടെയ്ലർ ഏഴാം ഓവറിൽ പുറത്തായി. മൂന്നാം നമ്പറിൽ മുൻ പാകിസ്താൻ താരം സമി അസ്ലം എത്തി. പിന്നീട് സമി അസ്ലമിനെ കാഴ്ചക്കാരനാക്കി കോൺവാൾ കത്തിക്കയറി. 17 ബൗണ്ടറിയും 22 സിക്സറും സഹിതമായിരുന്നു കോൺവാളിൻ്റെ ഇന്നിംഗ്സ്. 29 പന്തിൽ 53 റൺസെടുത്ത അസ്ലവുമൊത്ത് അപരാജിതമായ 225 റൺസിനാണ് കോൺവാൾ പങ്കാളി ആയത്. മറുപടി ബാറ്റിംഗിൽ സ്ക്വയർ ഡ്രൈവിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ.