Kerala

മൂന്നാര്‍ നൈമാക്കാട് എസ്റ്റേറ്റില്‍ കൂടുകള്‍ വച്ചിട്ടും കടുവ കുടുങ്ങിയില്ല; കണ്ടെത്താന്‍ ഡ്രോണുകള്‍ ഉപയോഗിക്കും

മൂന്നാര്‍ നൈമാക്കാട് എസ്റ്റേറ്റില്‍ അക്രമകാരിയായ കടുവയെ കണ്ടെത്താന്‍ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തും. കടുവയെ പിടികൂടാന്‍ ഇന്നലെ 3 കൂടുകള്‍ സ്ഥാപിച്ചിരുന്നു. വനം വകുപ്പിന്റെ പ്രത്യേക ദൗത്യസംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ജനങ്ങളുടെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് വനം വകുപ്പിന്റെ നടപടി. തൊഴുത്തില്‍ കെട്ടിയിരുന്നത് ഉള്‍പ്പടെ പത്ത് പശുക്കളെയാണ് കടുവ കഴിഞ്ഞ ദിവസങ്ങളില്‍ കൊന്നത്.

പലയിടങ്ങളില്‍ കൂടുവെച്ചതിനാല്‍ രാത്രിയോടെ കടുവ കുടുങ്ങുമെന്നായിരുന്നു വനപാലകരുടെ പ്രതീക്ഷ. എന്നാല്‍ കടുവ കുടുങ്ങിയില്ല. ഒരേ സ്ഥലത്തു തന്നെ കടുവ എത്തുന്നത് കുറവാണ്. മയക്കുവെടി വെച്ച് കടുവയെ പിടികൂടുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാല്‍ കടുവ കൂട്ടില്‍ കുടുങ്ങുക തന്നെ വേണം. കടുവ അക്രമകാരിയായതിനാല്‍ വീടിനുള്ളില്‍ നിന്നും പുറത്തിറങ്ങരുതെന്ന് പ്രദേശവാസികള്‍ക്ക് നിര്‍ദ്ദേശം നലകിയിരുന്നു. നൂറിലധികം ഉദ്യോഗസ്ഥരാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. യാത്രക്കാര്‍ പകര്‍ത്തിയ കടുവയുടെ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു.

പ്രദേശത്ത് മൂന്ന് കൂടുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ ഇരയെ ഇട്ട് കടുവയെ പിടികൂടാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. മൂന്നാറില്‍ കടുവയുടെ ആക്രമണത്തില്‍ പശുക്കള്‍ ചത്ത സംഭവത്തില്‍ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍ മൂന്നാര്‍ ഉദുമല്‍പേട്ട് റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് നടപടി.