Kerala

തെരുവുനായ്ക്കളെ പിടികൂടാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം

തെരുവ്‌നായ്ക്കളെ പിടികൂടാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പരിശീലനം ആരംഭിച്ചു. തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ വകുപ്പും ജില്ലാ പഞ്ചായത്തും നഗരസഭയും ചേര്‍ന്നാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. 15 പേര്‍ വീതമുള്ള ബാച്ചുകളാക്കി തിരിച്ചാണ് പരിശീലനം.

തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് പരിശീലനം. ജില്ലാ കുടുംബശ്രീയില്‍ നിന്നും ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുത്തവര്‍ക്കാണ് പരിശീലനം. കോര്‍പ്പറേഷന്‍ ഡോക്ടര്‍മാരായ ശ്രീരാഗ്, അഞ്ജു, രാജേഷ്ബാന്‍ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. പേട്ട എബിസി സെന്ററിലും, കുടപ്പനക്കുന്ന് ലൈഫ് സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററിലുമായാണ് പരിശീലനം.

മുന്‍പ് കുടുംബശ്രീയില്‍ ഉണ്ടായിരുന്ന നായ പിടുത്തക്കാര്‍ക്ക് ആദ്യം പരിശീലനം നല്‍കും. പരിശീലനം ലഭിച്ചവരുടെ സേവനം നഗരസഭയിലെ തെരുവുനായ്ക്കളെ പിടിക്കുന്നതിനായി ഉപയോഗപ്പെടുത്തും.

ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് പ്രതിരോധ കുത്തിവെപ്പുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കു മാത്രമാണ് പരിശീലനം നല്‍കുന്നത്. പ്രതിരോധ കുത്തിവയ്പ്പ് എടുത്ത നായ്ക്കളെ പ്രത്യേക അടയാളം നല്‍കി അവയുടെ ആവാസവ്യവസ്ഥയില്‍ തുറന്നു വിടുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.