National

‘പാകിസ്താൻ സിന്ദാബാദ്’ മുദ്രാവാക്യം മുഴക്കിയവർക്ക് കുരുക്ക്; രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് മഹാരാഷ്ട്ര സർക്കാർ

പോപ്പുലർ ഫ്രണ്ട് പ്രതിഷേധത്തിനിടെ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് മഹാരാഷ്ട്ര സർക്കാർ. ‘പാകിസ്താൻ സിന്ദാബാദ്’ മുദ്രാവാക്യം ഉയർന്നുവെന്നുള്ള റിപ്പോർട്ടിന്മേലാണ് നടപടി. പാക് അനുകൂല മുദ്രാവാക്യം മുഴക്കിയവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താനാണ് സർക്കാർ തീരുമാനം. ഛത്രപതി ശിവജിയുടെ നാട്ടിൽ ഇത്തരം മുദ്രാവാക്യങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡേ പറഞ്ഞു.

ആഭ്യന്തര മന്ത്രാലയത്തിൻറെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും വിമർശനം ഉന്നയിച്ചു. പാക് അനുകൂല മുദ്രാവാക്യം മുഴക്കിയവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ പൊലീസിന് നിർദേശം നൽകിയെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലും ഇന്ത്യയിലും ഇത്തരം മുദ്രാവാക്യങ്ങൾ അംഗീകരിക്കുന്നില്ല.

ഇന്ത്യയിൽ പാകിസ്താന്റെ മുദ്രാവാക്യങ്ങൾ ഉയർന്നാൽ അവരെ വെറുതെ വിടില്ലെന്നും ഫട്നാവിസ് കൂട്ടിച്ചേർത്തു. പൂനെയിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ പ്രതിഷേധത്തിലാണ് മുദ്രാവാക്യം ഉയർന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

40 പേരെയാണ് ഇതേത്തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തിൽ ഇരുത്തുമ്പോൾ ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം മുഴക്കുന്നതിന്റെ വിഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്. നിയമവിരുദ്ധമായി സംഘം ചേർന്നതിന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ ഇതിനകം കേസെടുത്തിട്ടുണ്ടെന്നും മുദ്രാവാക്യങ്ങളുടെ കാര്യം ഞങ്ങൾ പരിശോധിക്കുകയാണെന്നും ഡെപ്യൂട്ടി കമ്മീഷണർ സാഗർ പട്ടീൽ കഴിഞ്ഞ ദിവസം വ്യക്തമാക്കി.