Kerala

പൊലീസുമായുള്ള തർക്കം; അഭിഭാഷകനായ അജയകുമാർ ആശുപത്രിയിലും അതിക്രമം കാട്ടിയതിനു തെളിവ്

കൊല്ലത്തെ അഭിഭാഷകനും പൊലീസും തമ്മിലുള്ള തർക്കത്തിൽ അഭിഭാഷകനായ ജയകുമാർ ആശുപത്രിയിലും അതിക്രമം കാട്ടിയെന്ന് തെളിയിക്കുന്ന ഡോക്ടറുടെ റിപ്പോർട്ട് പുറത്ത്. അഭിഭാഷകൻ മദ്യപിച്ചിരുന്നതായും മെഡിക്കൽ റിപ്പോർട്ടിൽ പരാമർശമുണ്ട്. എസ്എച്ച്ഒ മർദ്ദിക്കുന്നതായി കണ്ടതായി അഭിഭാഷകർ നൽകിയ മൊഴി വ്യാജമെന്ന് തെളിയിക്കുന്ന രേഖകളും പുറത്തു വന്നു.

കരുനാഗപ്പളിയിലെ അഭിഭാഷകനായ ജയകുമാറിനെ എസ്എച്ച്ഒ ഗോപകുമാറും പൊലീസുകാരും മർദ്ദിച്ചുവെന്നായിരുന്നു അഭിഭാഷകരുടെ പരാതി. എന്നാൽ അഭിഭാഷകനായ ജയകുമാർ ആശുപത്രിയിലും അതിക്രമം കാട്ടിയെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തു വന്നത്. ജയകുമാർ മർദ്യപിച്ചിരുന്നതായും ഡോക്ടർ റിപ്പോർട്ടിൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കരുനാഗപ്പള്ളി എസ്എച്ച്ഒ ഗോപകുമാർ അഭിഭാഷകനായ ജയകുമാറിനെ മർദ്ദിക്കുന്നതായി കണ്ടെന്നായിരുന്നു രണ്ട് അഭിഭാഷകർ മൊഴി നൽകിയത്. എന്നാൽ അഭിഭാഷകരുടെ മൊഴി വ്യാജമെന്നാണ് പുറത്തു വന്ന സിഡിആർ വ്യക്തമാക്കുന്നത്.

മർദ്ദിക്കുന്നത് കണ്ടുവെന്ന് മൊഴി നൽകിയ അഭിഭാഷകർ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് തെളിയിക്കുന്ന സിഡിആറിലെ വിവരങ്ങളും ലഭിച്ചു. ഇരുവരും സംഭവം നടക്കുമ്പോൾ കിലോമീറ്ററുകൾക്ക് അകലെയുള്ള മൺറോ ത്തുരുത്തിൽ ആയിരുന്നുവെന്നും രേഖകളിൽ നിന്ന് വ്യക്തം. വസ്തുകൾ ഇങ്ങനെയിരിക്കെയാണ് വിഷയത്തിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം സർക്കാർ കൈകൊണ്ടത്. ഉദ്യോഗസ്ഥർക്ക് എതിരെ ഉള്ള നടപടി രാഷ്ട്രീയ പ്രേരിതമെന്ന പരാതി സേനയ്ക്ക് ഉള്ളിൽ നിന്ന് ഉയർന്നിട്ടുണ്ട്.