കരയിൽ മാത്രമല്ല, കായലിലും കരുത്ത് കാട്ടി രാഹുൽ ഗാന്ധി. പുന്നമടക്കായലിൽ നടത്തിയ പ്രദർശന വള്ളംകളിയിൽ രാഹുൽ ഗാന്ധി തുഴയെറിഞ്ഞ ചുണ്ടന് കിരീടം. ഭാരത് ജോഡോ യാത്രയുടെ ഇടവേളയിലാണ് രാഹുൽ ഗാന്ധി തുഴയെറിയാൻ സമയം കണ്ടെത്തിയത്.
നടുവിലാപ്പറമ്പിന്റെ നടുവിലായി രാഹുൽ തുഴയെറിയാൻ എത്തിയപ്പോൾ പുന്നമടക്കായലിൽ ആവേശം വാനോളം. രാഹുലിനൊപ്പം തുഴ പിടിച്ച കെ സി വേണുഗോപാലും. ആനാരിയും വള്ളംകുളങ്ങരയും കട്ടക്ക് പിടിച്ചെങ്കിലും രാഹുലും കൂട്ടരും ഫിനിഷിംഗ് പോയിന്റിലേക്ക് കുതിച്ചു. കെസി വേണുഗോപാലിന്റെ ആനാരി ചുണ്ടൻ രണ്ടാമതെത്തി. തുഴയെറിയാൻ പഠിപ്പിച്ച സഹതാരങ്ങൾക്ക് രാഹുൽ ഗാന്ധി നന്ദി പറഞ്ഞു.
നെഹ്റുവിൻ്റെ ഓർമ്മകളുറങ്ങുന്ന പുന്നമടക്കായലിൽ തുഴയെറിഞ്ഞ് നേടിയ ജയം ഭാരത് ജോഡോ യാത്രയിലും ആവർത്തിക്കുമെന്ന് പറഞ്ഞാണ് രാഹുൽ മടങ്ങിയത്.
ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴ പര്യടനം ഇന്ന് അവസാനിക്കുകയാണ്. 90 കിലോമീറ്ററിലൂടെയാണ് പദയാത്ര കടന്ന് പോയത്. 3 ലക്ഷത്തിലധികം പ്രവർത്തകർ ജില്ലയിൽ കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന യാത്രയുടെ ഭഗമായി.
ആലപ്പുഴയിലെ കോൺഗ്രസ് പ്രവർത്തകരെ ആവേശത്തിലാക്കിയാണ് ഓരോയിടത്തും ഭാരത് ജോഡോ യാത്ര കടന്ന് പോകുന്നത്. ജില്ലയിലെ അവസാന ദിവസമായ ഇന്ന് ചേർത്തലയിൽ നിന്നാണ് യാത്ര ആരംഭിക്കുക. അരൂരാണ് സമാപന സമ്മേളനം.
ആലപ്പുഴയിൽ 90 കിലോമീറ്റർ നടന്ന രാഹുൽ ഗാന്ധി മത്സ്യ തൊഴിലാളികളെയും കർഷകരെയും അഭിസംബോധന ചെയ്ത് സംസാരിച്ചു. തോട്ടപ്പള്ളി കരിമണൽ ഖനന വിരുദ്ധ സമര പന്തലിലും രാഹുൽ എത്തിയിരുന്നു.
ഇന്ത്യയെ ഐക്യപ്പെടുത്തുക എന്ന മുദ്രാവാക്യമുയർത്തി രാഹുൽ ഗാന്ധി നടത്തുന്ന യാത്ര ആലപ്പുഴ പിന്നിടുമ്പോൾ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും വലിയ ആത്മവിശ്വാസത്തിലാണ്.
അതേസമയം, ദേശീയ നേതൃത്വത്തിൽ ആധിപത്യം നിലനിർത്താൻ രാഹുൽ വിഭാഗം തീരുമാനിച്ചു. രാഹുൽഗാന്ധി സ്ഥാനാർത്ഥിയാകില്ല. അശോക് ഗെഹ്‌ലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും. അധ്യക്ഷ സ്ഥാനം പിന്നീട് രാഹുൽ ഗാന്ധിക്ക് ഏറ്റെടുക്കാൻ അശോക് ഗെഹ്‌ലോട്ട് പ്രസിഡന്റ് ആകുന്നതാണ് ഉചിതമെന്നാണ് രാഹുൽ വിഭാഗത്തിന്റെ വിലയിരുത്തൽ. അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നത് പിന്നീട് ചർച്ച ചെയ്ത് തീരുമാനിക്കും. അശോക് ഗെഹ്ലോട്ടിനെതിരെ ശശി തരൂർ മത്സരിക്കും.