അട്ടപ്പാടി മധുക്കേസിലെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി നടപടിക്കെതിരെ പ്രതികൾ സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് കൗസർ ഇടപഗത്തിന്റെ ബെഞ്ചാണ് വിധി പറയുന്നത്.
മരയ്ക്കാർ, അനീഷ്, ഷംസുദീൻ, ബിജു, സിദ്ദിഖ് തുടങ്ങിയ പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതികളുടെ ജാമ്യം റദ്ദാക്കിയ മണ്ണാർക്കാട്ടെ പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതി നടപടിക്ക് ഇടക്കാല സ്റ്റേ നിലവിലുണ്ട്.
ജാമ്യം റദ്ദാക്കി ജയിലിൽ അയച്ച ബിജു, അനീഷ്, സിദ്ദിഖ് എന്നീ പ്രതികളെ മോചിപ്പിക്കാനും നിർദേശം നൽകിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് വ്യക്തമാക്കിയാണ് വിചാരണക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.
അതേസമയം, അട്ടപ്പാടി മധു വധക്കേസിൽ ഇന്ന് 7 പേരെ കോടതി വിസ്തരിക്കും.21 പേർ ഇതുവരെ കൂറുമാറിയ കേസിൽ 40 ആം സാക്ഷിയുടെ മൊഴി നിർണ്ണായകമായി.മധുവിന്റെ അമ്മ അടക്കമുള്ളവരെയാണ് ഇന്ന് കോടതി വിസ്തരിക്കുക
മധുവിന്റെ അമ്മ മല്ലി സഹോദരി ചന്ദ്രിക, ഇവരുടെ ഭർത്താവ് കൂടാതെ 44 മുതൽ 47 വരെയുള്ള സാക്ഷികൾ എന്നിവരെയാണ് കോടതി ഇന്ന് വിസ്തരിക്കുക. 21 സാക്ഷികളാണ് കേസിൽ ഇതുവരെ കുറുമാറിയത്. എന്നാൽ കഴിഞ്ഞദിവസം വിസ്തരിച്ച നാല്പതാം സാക്ഷി ലക്ഷ്മിയുടെ മൊഴി കേസിൽ പ്രധാനപ്പെട്ടതാണ്. ആൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റ് മധു അവശനായി ഇരിക്കുന്നത് കണ്ടെന്നും, ഇതേസമയം സംഭവസ്ഥലത്ത് പ്രതികളിൽ ചില ഉണ്ടായിരുന്നെന്നും ലക്ഷ്മി മൊഴി നൽകി. 43 ആം സാക്ഷി മത്തച്ഛനും നേരത്തെ നൽകിയ മൊഴിയിൽ ഉറച്ചുനിന്നു. 122 സാക്ഷികൾ ആകെയുള്ള കേസിൽ ആദ്യമുപ്പതിൽ ഭൂരിഭാഗം പേരും കൂറു മാറിയത് പ്രോസിക്യൂഷന് തിരിച്ചടിയാണ്.