സിവിക് ചന്ദ്രനെതിരായ പീഡന കേസില്‍ വിവാദ ഉത്തരവ് ഇറക്കിയ ജഡ്ജിയുടെ സ്ഥലംമാറ്റത്തിന് സ്റ്റേ. ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്തത്. മുന്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്. കൃഷ്ണകുമാറിന്റെ സ്ഥലംമാറ്റത്തിനാണ് സ്റ്റേ.
ജഡ്ജിയുടെ അപ്പീലിലാണ് നടപടി. അപ്പീല്‍ അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. സ്ഥലം മാറ്റത്തില്‍ സിംഗിള്‍ ബെഞ്ച് ഇടപെട്ടിരുന്നില്ല. കൊല്ലം ലേബര്‍ കോടതിയിലേക്കായിരുന്നു ജഡ്ജിയുടെ സ്ഥലം മാറ്റം.
ജുഡീഷ്യല്‍ അധികാരം നിര്‍വഹിക്കെയുണ്ടാകുന്ന തെറ്റായ ഉത്തരവ് സ്ഥലം മാറ്റത്തിന് കാരണമാകാന്‍ കഴിയില്ലെന്നാണ് ജഡ്ജിയുടെ വാദം. സ്ഥലം മാറ്റം ചട്ട വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടുന്ന ഹര്‍ജി, ജസ്റ്റിസ് അനു ശിവരാമനാണ് പരിഗണിക്കുന്നത്. തന്നെ സ്ഥലം മാറ്റിയ കൊല്ലം ലേബര്‍ കോടതിയിലേത് ഡെപ്യുട്ടേഷന് തസ്തികയാണ്. അവിടേക്ക് മാറ്റണമെങ്കില്‍ നിയമിക്കപ്പെടേണ്ടയാളുടെ അനുമതി ആവശ്യമാണ്. എന്നാല്‍ തന്റെ അനുമതി തേടാതെയുള്ള സ്ഥലം മാറ്റം നിയമവിരുദ്ധമാണെന്നും മുന്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വാദിച്ചു.
സിവികിനെതിരായ പീഡന കേസില്‍ പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമെന്ന് തുടങ്ങി സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുക്കൊണ്ടുള്ള ഉത്തരവിലെ പരാമര്‍ശങ്ങളാണ് വിവാദമായത്.