National

ബിജെപിയുടെ രഥയാത്ര അധികാരത്തിന് വേണ്ടി, കോൺഗ്രസ് പദയാത്ര സത്യത്തിന് വേണ്ടി; കനയ്യ കുമാർ

കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കനയ്യ കുമാർ. 1990-ൽ ബി.ജെ.പിയുടെ രഥയാത്ര അധികാരത്തിനുവേണ്ടിയായിരുന്നെങ്കിൽ കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര സത്യത്തിനുവേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്റെ പ്രചാരണം രാഷ്ട്രീയം മാത്രമല്ലെ. ഈ രാജ്യം എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന് കാണിക്കാനുള്ള ശ്രമം കൂടിയാണ്. 1990-ൽ എൽ.കെ അദ്വാനി നടത്തിയ യാത്രയുടെ പ്രതികൂല പ്രത്യാഘാതങ്ങൾ താൻ പറയുന്നില്ല. രാജ്യം അതിന്റെ ദോഷഫലങ്ങൾ അനുഭവിക്കുകയാണെന്നും കനയ്യ കുമാർ കൂട്ടിച്ചേർത്തു. യാത്രയ്ക്ക് സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ മൂന്ന് പ്രധാന വശങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

“കന്യാകുമാരി മുതൽ കാശ്മീർ വരെ നടക്കാൻ അവസരം ലഭിക്കുന്നത് ഏതൊരു ഇന്ത്യക്കാരനും ഭാഗ്യമാണ്. ആളുകളെ കാണും, വൈവിധ്യമാർന്ന സംസ്കാരങ്ങൾ, വസ്ത്രങ്ങൾ, ഭാഷകൾ എന്നിവ അനുഭവിക്കാം. രാജ്യം ഭൂമിശാസ്ത്രപരമായും ചരിത്രപരമായും വിഭജിച്ചിട്ടില്ല. എന്നാൽ നിലവിലെ സർക്കാരിന്റെ ഉദ്ദേശ്യങ്ങളും നയങ്ങളും നോക്കുമ്പോൾ, സമ്പന്നരും ദരിദ്രരും തമ്മിൽ വലിയ അന്തരമുണ്ട്” -കനയ്യ കുമാർ പറഞ്ഞു.

കോർപ്പറേറ്റുകൾക്ക് നികുതിയിളവ് നൽകുമ്പോൾ പാലിനും തൈരിനും ജിഎസ്ടി ചുമത്തുന്നത് പാവപ്പെട്ടവരെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.