മാവേലി വേഷത്തിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ ചിത്രം പങ്കുവച്ച് കേരള പൊലീസ് ഫേസ്ബുക്ക് പേജ്. കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിനിടയിൽ മാവേലി വേഷം ധരിച്ച പൊലീസ് ഉദ്യോഗസ്ഥൻ്റെ ചിത്രമാണ് കേരള പൊലീസ് പങ്കുവച്ചത്. ‘മാവേലി കഥയെഴുതുകയാണ്’ എന്ന അടിക്കുറിപ്പും ചിത്രത്തിനു നൽകിയിട്ടുണ്ട്.
ഈ വർഷത്തെ ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കമാകും. വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് 6.30ന് കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സെപ്റ്റംബർ 12 വരെ സംസ്ഥാനത്തെമ്പാടും ഓണാഘോഷ പരിപാടികൾ നടക്കും. 32 വേദികളലായാണ് ഇത്തവണ ഓണാഘോഷം.
ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്രതാരങ്ങളായ ദുൽഖർ സൽമാൻ, അപർണാ ബാലമുരളി എന്നിവർ മുഖ്യാതിഥികളായിരിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മന്ത്രിമാർ, എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും.
കോവളം ക്രാഫ്റ്റ് വില്ലേജ്, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം എന്നിവ പുതിയ വേദികളാണ്. ഏഴ് ദിവസത്തെ പരിപാടികളിൽ എണ്ണായിരത്തിലേറെ കലാകാരന്മാർ പങ്കെടുക്കും. തിരുവനന്തപുരം നഗരത്തിൽ കവടിയാർ മുതൽ കിഴക്കേകോട്ട വരെയും വെള്ളയമ്പലം മുതൽ ശാസ്തമംഗലം വരെയും കോവളത്തും ദീപാലങ്കാരമുണ്ടാകും.
12ന് വൈകിട്ട് വെള്ളയമ്പലം മുതൽ കിഴക്കേകോട്ട വരെ വർണശബളമായ ഘോഷയാത്രയോടെ ഓണം വാരാഘോഷത്തിന് സമാപനമാകും. കലാ സാംസ്കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങൾക്കും കലാരൂപങ്ങൾക്കും വാദ്യഘോഷങ്ങൾക്കുമൊപ്പം അശ്വാരൂഢ സേനയും വിവിധ സേനാവിഭാഗങ്ങളുടെ ബാൻഡുകളും ഘോഷയാത്രയിൽ അണിനിരക്കും.