Football

അവസാന 10 മിനിട്ടിൽ ബെൻസേമയുടെ ഇരട്ട ഗോൾ; വിജയക്കുതിപ്പ് തുടർന്ന് റയൽ മാഡ്രിഡ്

ലാലിഗയിൽ ജയം തുടർന്ന് ചാമ്പ്യന്മാരായ റയൽ മാഡ്രിഡ്. ഇന്നലെ എസ്പാന്യോളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് മറികടന്ന റയൽ ഇതോടെ ലീഗിൽ കളിച്ച മത്സരങ്ങളെല്ലാം ജയിച്ചു. റയലിനായി ഫ്രഞ്ച് സ്ട്രൈക്കർ കരീം ബെൻസേമ രണ്ട് ഗോളുകൾ നേടി. വിനീഷ്യസ് ജൂനിയറാണ് മൂന്നാം ഗോളടിച്ചത്. ഹൊസേലു എസ്പാന്യോളിൻ്റെ ആശ്വാസഗോൾ നേടി.

12ആം മിനിട്ടിൽ വിനീഷ്യസ് ജൂനിയറിലൂടെ റയൽ കളിയിൽ മുന്നിലെത്തി. ചൗമനിയുടെ പാസിൽ നിന്നാണ് വിനീഷ്യസ് ഗോൾ നേടിയത്. 43ആം മിനിട്ടിൽ ഹൊസേലുവിലൂടെ എസ്പാന്യോൾ സമനില ഗോൾ കണ്ടെത്തി. ആദ്യ പകുതി ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് പിരിഞ്ഞു. 87ആം മിനിട്ട് വരെ കളി സമനില ആയിരുന്നു. 88ആം മിനിട്ടിൽ കരീം ബെൻസേമയിലൂടെ റയൽ വീണ്ടും ലീഡെടുത്തു. റോഡ്രിഗോയുടെ ക്രോസിൽ നിന്ന് ഒരു തകർപ്പൻ വോളിയിലൂടെയാണ് റയൽ രണ്ടാം വട്ടം വല ചലിപ്പിച്ചത്. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ, 100ആം മിനിട്ടിൽ ബെൻസേമ വീണ്ടും ഗോളടിച്ചു.

മൂന്ന് മത്സരങ്ങളിൽ മൂന്ന് ജയം സഹിതം 9 പോയിൻ്റുമായി റയൽ മാഡ്രിഡ് ലാലിഗയിൽ ഒന്നാം സ്ഥാനത്താണ്.