Cricket

യുഎഇയെ കീഴടക്കി ഹോങ്കോങിന് ഏഷ്യാ കപ്പ് യോഗ്യത; കളിക്കുക ഇന്ത്യയുടെ ഗ്രൂപ്പിൽ

15ആമത് ഏഷ്യാ കപ്പിലെ അവസാന ടീമായി ഹോങ്കോങ്. അവസാന യോഗ്യതാ മത്സരത്തിൽ യുഎഇയെ മറികടന്നാണ് ഹോങ്കോങ് ഏഷ്യാ കപ്പ് യോഗ്യത നേടിയത്. മത്സരത്തിൽ ഹോങ്കോങ് ഒരു ഓവറും 8 വിക്കറ്റും ബാക്കിനിർത്തി 148 റൺസ് എന്ന വിജയലക്ഷ്യം മറികടന്നു. ഇന്ത്യയും പാകിസ്താനും ഉൾപ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഹോങ്കോങ് ഉൾപ്പെട്ടിരിക്കുന്നത്. ഈ മാസം 31ന് ഇന്ത്യക്കെതിരെയാണ് ഹോങ്കോങിൻ്റെ ആദ്യ മത്സരം.

ഈ മാസം 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുക. ഉദ്ഘാടന മത്സരത്തിൽ അഫ്ഗാനിസ്താനും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടും. ടൂർണമെൻ്റിൽ പാകിസ്താൻ ആണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. ഓഗസ്റ്റ് 28ന് ദുബായിൽ മത്സരം നടക്കും. ക്രിക്കറ്റിൽ നിന്ന് താത്കാലിക ഇടവേള കഴിഞ്ഞെത്തുന്ന കോലിയുടെ തിരിച്ചുവരവ് കൂടിയാണ് ഏഷ്യാ കപ്പ്. വിശ്രമത്തിലായിരുന്ന വിരാട് കോലി ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. ഫോമിലല്ലാത്ത കോലിയ്ക്ക് ടി20 ലോകകപ്പിന് മുൻപ് ഫോമിലേക്ക് തിരിച്ച് വരാനുള്ള അവസരം കൂടിയാണ് ഏഷ്യ കപ്പ്.

ജഡേജ, ചാഹൽ, ബിഷ്ണോയ് എന്നിവർക്കൊപ്പം വെറ്ററൻ സ്പിന്നർ അശ്വിനും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ഭുവനേശ്വർ കുമാർ നയിക്കുന്ന പേസ് നിരയിൽ അർഷദീപ് സിംഗ്, ആവേശ് ഖാൻ എന്നിവർ ടീമിൽ ഇടംപിടിച്ചു. പരുക്കിന്റെ പിടിയിലായ ബുമ്രയെ ടീമിലുൾപ്പെടുത്തിയില്ല. ഹാർദിക് പാണ്ഡ്യ ടീമിൽ ഇടം നേടി. ലഭിച്ച അവസരങ്ങൾ നന്നായി വിനിയോഗിച്ച ദീപക് ഹൂഡയ്ക്കും അവസരം ലഭിച്ചു. ഋഷഭ് പന്തും ദിനേശ് കാർത്തികുമാണ് വിക്കറ്റ് കീപ്പർമാർ.

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ മുൻ താരം വിവിഎസ് ലക്ഷ്മൺ തന്നെ ഇന്ത്യയെ പരിശീലിപ്പിക്കും. ഇക്കാര്യത്തിൽ ബിസിസിഐ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മുതിർന്ന പരിശീലകനും ഇന്ത്യ അണ്ടർ 19, എ ടീം പരിശീലകനുമായ ലക്ഷ്മൺ സിംബാബ്‌വെ പരമ്പരയിലും ഇന്ത്യയുടെ പരിശീലകനായിരുന്നു.

ഇന്ത്യയുടെ പ്രധാന പരിശീലകൻ രാഹുൽ ദ്രാവിഡിനു കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് ലക്ഷ്മണെ ഏഷ്യാ കപ്പിൽ പരിശീലകനാക്കിയത്. സിംബാബ്‌വെ പര്യടനത്തിൽ ദ്രാവിഡ് ഇന്ത്യൻ ടീമിനൊപ്പം ഉണ്ടായിരുന്നില്ല. ഏഷ്യാ കപ്പ് പരിഗണിച്ച് ദ്രാവിഡിനു വിശ്രമം നൽകിയതിനാൽ ലക്ഷ്മൺ ആയിരുന്നു ഇന്ത്യയുടെ രണ്ടാം നിര സംഘത്തെ പരിശീലിപ്പിച്ചത്.