Football Sports

മെസിയെ തളക്കാന്‍ വാന്‍ ഡെയ്ക്കിനാവുമോ?

തന്‍റെ കരിയറിലെ പത്താം ലീഗ് കിരീടം സ്വന്തമാക്കിയ മെസിയുടെ കണ്ണ് ഇപ്പോള്‍ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്കാണ്. കിരീട പോരാട്ടത്തില്‍ മെസിപ്പടക്ക് സെമിയില്‍ നേരിടേണ്ടത് ക്ലോപ്പിന്‍റെ ലിവര്‍പൂളിനെയാണ്. 34 കിരീടങ്ങള്‍ തന്‍റെ പേരിലേക്ക് തുന്നിച്ചേര്‍ത്ത മിശിഹ ഈ സീസണിലും മാസ്മരിക പ്രകടനമാണ് കാഴ്ചവെക്കുന്നത്.

34 ഗോളുകളും 13 ഗോളുകള്‍ക്ക് വഴിയൊരുക്കിയും ഈ സീസണും തന്‍റെ പേരിലാക്കി കഴിഞ്ഞിരിക്കുകയാണ് മെസി. ചാമ്പ്യന്‍സ് ലീഗിലും ഇതുവരെ 10 ഗോളുകള്‍ സ്വന്തമാക്കി ഗോള്‍ വേട്ടയിലും ഈ മുപ്പൊത്തൊന്നുകാരന്‍ ബഹുദൂരം മുന്നിലാണ്. മെസിയുടെ ഇടംകാലിലാണ് ബാഴ്സയുടെ കരുത്ത്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്ത്രങ്ങള്‍ കൊണ്ട് കളിയുടെ ഗതിമാറ്റുന്ന മെസിയുടെ മികവിനെ വാഴ്ത്താന്‍ വാക്കുകളില്ല. കാല്‍പ്പന്തുകളിയുടെ തന്ത്രശാലിയായ കളിക്കാരന്‍. മെസിയുടെ ഡ്രിബിളിങ്ങ് പാടവം ഏതൊരു ടീമിന്‍റെയും പ്രതിരോധത്തെ കീറിമുറിച്ച് കടക്കുന്നതാണ്. കോട്ടക്കെട്ടിയ പ്രതിരോധങ്ങളെ തിരിച്ചറിഞ്ഞ് തന്‍റെ ഇടംകാല്‍ കൊണ്ട് അളന്നുമുറിച്ച് നല്‍കുന്ന ഷോട്ടുകളും പാസുകളും പലപ്പോഴും എതിര്‍ ടീമിന്‍റെ പ്രതിരോധനിരയെ കാഴ്ച്ചകാരാക്കിയിട്ടുണ്ട്.

എന്നാല്‍ മെസിക്ക് ഇനി മറികടക്കേണ്ടത് ലോകത്തിലെ ഏറ്റവും മികച്ച ഡിഫന്‍ഡര്‍മാരില്‍ ഒരാളെയാണ്. ലിവര്‍പൂളിന്‍റെ പ്രതിരോധനിരയുടെ നെടുംതൂണായ വിര്‍ജില്‍ വാന്‍ ഡെയ്ക്ക്. പാഞ്ഞുവരുന്ന സ്ട്രൈക്കര്‍മാര്‍ക്ക് വാന്‍ ഡെയ്ക്കിനെ മറികടക്കുക ശ്രമകരമാണ്. ക്ലോപ്പിന്‍റെ അക്രമിച്ച് കളിക്കുന്ന ശൈലിയില്‍ ഏറ്റവും പ്രധാന താരമാണ് വാന്‍ ഡെയ്ക്ക്.

റോബേർഡ്സനും അർണോള്‍ഡുമെല്ലാം അക്രമിച്ച് കളിക്കുമ്പോള്‍ ലിവര്‍പൂളിന്‍റെ പ്രതിരോധനിരയില്‍ ഒരു വന്‍മതിലായി വാന്‍ ഡെയ്ക്ക് ഉണ്ടാകും. കഴിഞ്ഞ 36 മത്സരങ്ങളില്‍ 20 ഗോളുകള്‍ മാത്രമേ ലിവര്‍പൂള്‍ വഴങ്ങിയിട്ടുളളു. 20 ക്ലീന്‍ഷീറ്റും നേടിയിട്ടുണ്ട് ചുവപ്പ്പട. വാന്‍ ഡെയ്ക്കിനെ മറികടന്ന് മുന്നേറുക എന്നത് ശ്രമകരമാണ്. പി.എഫ്.എ അവാർഡ് കിട്ടുന്ന നാലാമത്തെ പ്രതിരോധതാരമാണ് വാന്‍ ഡെയ്ക്ക്. ആരാധകര്‍ ഉറ്റുനോക്കുന്നത് മെസി-വാന്‍ ഡെയ്ക്ക് പോരാട്ടമാണ്.

പുല്‍മൈതാനത്ത് കാല്‍പന്ത് കൊണ്ട് ചിത്രംവരക്കുന്ന മെസിയും കോട്ടപോലെ സ്വന്തം പോസ്റ്റ് കാക്കുന്ന വാന്‍ ഡെയ്ക്കും ഏറ്റുമുട്ടുന്ന മത്സരം ആവേശത്തോടെയാണ് ഫുട്ബോള്‍ ലോകം കാത്തിരിക്കുന്നത്. മെസിയുടെ ഇടംകാലിനെ വാന്‍ ഡെയ്ക്ക് തടയിടുമോ?

’ ഈ മത്സരം അതികഠിനമായിരിക്കും. മെസിയെ എങ്ങനെ തടയുമെന്നറിയില്ല. മെസി ലോകത്തിലെ ഏറ്റവും മികച്ച താരമാണ്. എന്നാല്‍ നമുക്ക് കളികളത്തില്‍ കാണാം..’’’വാന്‍ ഡെയ്ക്ക് മെസിയെപറ്റി പറഞ്ഞ വാക്കുകളാണിത്.