കെവിന്‍ കേസില്‍ നിര്‍ണായക സാക്ഷി കൂറുമാറി. 28ആം സാക്ഷിയും പ്രതികളുടെ സുഹൃത്തുമായ അബിനാണ് മൊഴിമാറ്റിയത്. നേരത്തെ പ്രതികള്‍ക്കെതിരെ ഇയാള്‍ മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇത് പൊലീസ് ഭീഷണിപ്പെടുത്തി പറയിച്ചതാണെന്നാണ് വിചാരണക്കിടയില്‍ അബിന്‍ പറഞ്ഞത്. പൊലീസിനെ പേടിച്ച് ആത്മഹത്യക്ക് ശ്രമിച്ചുവെന്നും അബിന്‍ കോടതിയില്‍ പറഞ്ഞു.
പ്രതിയായ വിഷ്ണുവിന്റെ സുഹൃത്താണ് അബിന്‍. ഷാനു, ഷിനു, മനു, റിറ്റു എന്നിവരെയും അറിയാം. കൃത്യം നടത്തുന്നതിന് വേണ്ടി പ്രതികള്‍ കോട്ടയത്തേക്ക് തിരിച്ചപ്പോള്‍ അബിനെയും കൂട്ടാന്‍ ശ്രമിച്ചിരുന്നു. കെവിനെ തട്ടിക്കൊണ്ട് വരുന്ന വിവരവും വിഷ്ണു അബിനോട് പറഞ്ഞിട്ടുണ്ട്. കൂടാതെ പ്രതികള്‍ ഉപയോഗിച്ച വാള്‍ ഒളിപ്പിക്കാന്‍ സഹായിച്ചുവെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ചങ്ങനാശേരി കോടതിയില്‍ അബിന്റെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തിയത്.
എന്നാല്‍ വിചാരണ വേളയില്‍ രഹസ്യമൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ അബിന്‍ നിഷേധിച്ചു. പൊലീസ് ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്ന് അബിന്‍ തിരുത്തി പറഞ്ഞു. പ്രൊസിക്യൂഷന്‍ വിസ്താരം ആരംഭിച്ചപ്പോള്‍ തന്നെ മൊഴി മാറ്റം വ്യക്തമായിരുന്നു. തുടര്‍ന്ന് പ്രതിഭാഗം ക്രോസ് വിസ്താരം നടത്തിയതോടെ അബിന്‍ പൂര്‍ണ്ണമായും കൂറുമാറി. പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് പേടിപ്പിച്ചാണ് തന്നെക്കൊണ്ട് പ്രതികള്‍ക്കെതിരായി മൊഴി നല്‍കിപ്പിച്ചതെന്നും അബിന്‍ പറഞ്ഞു. പൊലീസ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും അബിന്‍ കോടതിയില്‍ പറഞ്ഞു.
അതേസമയം സാക്ഷി കൂറുമാറുമെന്ന് ഉറപ്പായിരുന്നുവെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. വിചാരണയുടെ അഞ്ചാം ദിവസം നീനു താമസിച്ച ഹോസ്റ്റല്‍ വാര്‍ഡനായ ബെന്നി ജോസഫിന്റെയും പ്രതികള്‍ ഭക്ഷണം കഴിച്ച തട്ടുകടയിലെ ജീവനക്കാരന്‍ ബിജു എബ്രാഹാമിന്റെയും വിചാരണ പൂര്‍ത്തിയായി.