Kerala

‘തീവ്രവാദിയെ രാജ്യം വിടാൻ മുഖ്യമന്ത്രി സഹായിച്ചു’; ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്

ഒരു തീവ്രവാദിയെ രാജ്യം വിടാൻ മുഖ്യമന്ത്രി പിണറായി വിജയൻ സഹായിച്ചു എന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. യുഎഇയെയും തീവ്രവാദികളെയും മുഖ്യമന്ത്രി പിന്തുണയ്ക്കുന്നത് മകൾ വീണയുടെ ബിസിനസ് മെച്ചപ്പെടുത്താനാണ് എന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.

“കോൺസുലേറ്റിൽ കോൾ വന്നു, ഒരു യുഎഇ പൗരൻ പിടിക്കപ്പെട്ടു, നെടുമ്പാശേരി പൊലീസിൻ്റെ കൈകളിലാണെന്ന് പറഞ്ഞു. കോൺസുൽ ജനറൽ എന്നെ വിളിച്ച് മുഖ്യമന്ത്രിയെ വിളിച്ച് സംസാരിക്കാനാവശ്യപ്പെട്ടു. ഇങ്ങനെയുള്ള കാര്യങ്ങൾ വരുമ്പോൾ തന്നെ വിളിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഞാൻ ശിവശങ്കർ സാറിനെ വിളിച്ച് കാര്യങ്ങൾ അവതരിപ്പിച്ചു. മുഖ്യമന്ത്രിയോട് സംസാരിച്ചിട്ട് കാര്യം അറിയിക്കാമെന്ന് ശിവശങ്കർ സർ പറഞ്ഞു. 10 മിനിട്ടിനുള്ളിൽ അദ്ദേഹം തിരികെവിളിച്ചു. മുഖ്യമന്ത്രിയോട് സംസാരിച്ചെന്നും വേണ്ട നടപടികൾ എടുത്തെന്നും പറഞ്ഞു. “- സ്വപ്ന സുരേഷ് പറഞ്ഞു.

“ഈജിപ്തിൽ ജനിച്ച യുഎഇ പൗരനാണ് ഇയാൾ. അബുദാബിയിൽ നിന്നാണ് ഇയാൾ വന്നത്. ഒമാൻ എയർവേയ്സ് വിമാനം വഴി രക്ഷപ്പെടാൻ ശ്രമിച്ചു. പിആർഒ ആവശ്യപ്പെട്ടതനുസരിച്ച് ഒരു സത്യവാങ്മൂലം ഞാൻ എഴുതി കോൺസുൽ ജനറലിനെക്കൊണ്ട് ഒപ്പിടീപ്പിച്ച് വാട്സപ്പിൽ അയച്ചുനൽകി. 4ന് അറസ്റ്റ് ചെയ്ത ആൾ 6 വരെ കസ്റ്റഡിയിലായിരുന്നു. 6ന് ഈ സത്യവാങ്മൂലം ഉപയോഗിച്ച് ഇയാളെ റിലീസ് ചെയ്തു. ഏഴിന് ഇയാളെ തിരികെ അയച്ചു. ഒരു തീവ്രവാദിയെ രാജ്യം വിടാൻ മുഖ്യമന്ത്രിയും ശിവശങ്കറും സഹായിച്ചു. യുഎഇയെയും തീവ്രവാദികളെയും മുഖ്യമന്ത്രി പിന്തുണയ്ക്കുന്നത് മകൾ വീണയുടെ ബിസിനസ് മെച്ചപ്പെടുത്താനാണ്.”- സ്വപ്ന സുരേഷ് പ്രതികരിച്ചു.