2019 ലോക്സഭ തെരഞ്ഞെടുപ്പ് എന്തുകൊണ്ടും ഒട്ടനവധി രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴി ഒരുക്കുന്ന ഒന്നാവും. അഞ്ചു വര്‍ഷത്തെ മോദി ഭരണത്തിലെ പോരായ്മകള്‍ ചൂണ്ടികാട്ടി കോണ്‍ഗ്രസ് അടക്കമുള്ള മുന്‍നിര പാര്‍ട്ടികള്‍ തങ്ങളുടെ പ്രചാരണം തുടരുമ്പോള്‍ പുതിയ വാഗ്ദാനങ്ങളുമായി ബി.ജെ.പിയും തങ്ങളുടെ ഭരണം ഉറപ്പിക്കാനായി രംഗത്തുണ്ട്. പ്രചാരണം കൊഴുപ്പികാന്‍ പലപ്പോഴും രാഷ്ട്രീയ പാര്‍ട്ടികള്‍ സിനിമാ താരങ്ങളെ കൊണ്ടുവരുന്നത് നാം കണ്ടിട്ടുണ്ടെങ്കിലും ഇക്കുറി താരങ്ങളെ പ്രചാരണത്തെക്കാള്‍ കൂടുതൽ മത്സര രംഗത്താണ് കാണാന്‍ കഴിയുന്നത്. സിനിമാ സ്പോര്‍ട്സ് താരങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് ആദ്യമായിട്ടല്ല അമിതാഭ് ബച്ചന്,ധർമേന്ദ്ര,ഹേമാ മാലിനി, നവജ്യോത് സിങ് സിദ്ദു ഉള്‍പ്പെടെയുള്ള താരങ്ങള്‍ മുമ്പും മത്സരിച്ചിട്ടുണ്ടെങ്കിലും ഇത്തവണ എല്ലാ മുന്‍നിര പാര്‍ട്ടികളും തങ്ങളുടെ സ്ഥാനാര്‍ഥി പട്ടികയില്‍ ഒരു നല്ല ശതമാനം താരങ്ങളെ ഉള്കൊള്ളിക്കാന് ശ്രമിക്കുന്നുണ്ട്.
ഏപ്രിൽ23-ന് മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ബോളിവുഡ് താരം സണ്ണി ഡിയോൾ തന്റെ ബി.ജെ.പി പ്രവേശനം കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനോടൊപ്പം നടത്തിയ പത്ര സമ്മേളനത്തിൽ പ്രഖ്യാപിച്ചു. തുടർന്ന് അദ്ദേഹത്തെ വിനോദ് ഖന്നയുടെ മണ്ഡലമായ
ഗുരുദാസ്പൂറിൽ സ്ഥാനാർഥിയായി മത്സരിപ്പിക്കാനുള്ള നീക്കം ബി.ജെ.പിയിൽ തുടങ്ങി കഴിഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ് താരം
ഗൗതം ഗംഭീറിന്റെ രാഷ്ട്രീയ പ്രവേശനവും സ്ഥാനർഥിത്വവും ഇതേ രീതിയിലായിരുന്നു, ഈസ്റ്റ് ഡൽഹിയിലാണ് അദ്ദേഹം മത്സരിക്കുന്നത്. ഒളിംമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവ് വിജേന്ദര്‍ സിങിനെ സ്ഥാനാർഥിയാക്കി കോൺഗ്രസ്സും സ്ഥാനാർഥിപ്പട്ടികയിലെ താരപ്പകിട്ട് ഒട്ടും കുറച്ചിട്ടില്ല. ബോളിവുഡ് താരം ഊർമിള മാതോംഡ്കറാണ് കോൺഗ്രസ്സിന്റെ മറ്റൊരു സെലിബ്രിറ്റി സ്ഥാനാർത്ഥി. 2014ൽ ബോളിവുഡ് താരം ഗോവിന്ദയെ മത്സരിപ്പിച്ച് ഉത്തർ പ്രദേശ് ഗവർണറായ രാംനായിക്കിനെ തോൽപ്പിച്ച അതേ മണ്ഡലത്തിലാണ് ഇത്തവണ കോൺഗ്രസ് ഊർമിളയെ മത്സരിപ്പിക്കുന്നത്.
ഹിന്ദുസ്ഥാൻ ടൈംസിൽ വന്നൊരു റിപ്പോർട്ട് പ്രകാരം 2014 ലോക്സഭാ തെരഞ്ഞടുപ്പിൽ ബി.ജെ.പിക്ക് വിജയിക്കാൻ കഴിയാത്ത മണ്ഡലങ്ങളിലും തങ്ങൾക്ക് വിജയസാധ്യത കുറുവുള്ള മണ്ഡലങ്ങളിലും സെലിബ്രിറ്റി സ്ഥാനാർഥിളെ നിർത്തിക്കൊണ്ട് അവരുടെ താര പ്രഭയിൽ പാർട്ടിയുടെ മൂല്യവും വിജയസാധ്യയും കൂട്ടാനുമാണ് പാർട്ടിയുടെ ശ്രമം. 2014-ൽ പാർട്ടി നടത്തിയ ഇത്തരത്തിലുള്ളൊരു പരീക്ഷണം തികച്ചും വിജയകരമായിരുന്നു. ഗായകരായ മനോജ് തിവാരി, ബാവുൽ സുപ്രിയോ ബോളിവുഡ് താരങ്ങളായ പരേഷ് രാവൽ, കിരൺ ഖേർ എന്നിങ്ങനെ എല്ലാ പ്രമുഖരും വിജയിച്ചിരുന്നു. പ്രചാരണത്തിനും ഇത്തവണ ഒട്ടനവധി താരങ്ങളെ ഇറക്കാനാണ് പാർട്ടിയുടെ തീരുമാനം.
ഇതിനെല്ലാം പുറമെ സ്വതന്ത്ര സ്ഥാനാർഥികളായും സിനിമാ പ്രവർത്തകർ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നുണ്ട്. സെന്‍ട്രൽ ബെംഗളൂരുവിൽ നിന്ന് പ്രകാശ് രാജ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. നടി സുമലത കർണാടകയിലെ മാണ്ഡ്യ മണ്ഡലത്തിൽ നിന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വമിയുടെ മകൻ നിഖിൽ കുമാരസ്വമിക്കെതിരെയാണ് മത്സരിക്കുന്നത്. അന്തരിച്ച ഭർത്താവ് അംബരീഷ് മാണ്ഡ്യയിൽ ചെയ്യത വികസന പ്രവർത്തനങ്ങൾ ചൂണ്ടികാണിച്ചാണ് സുമലത വോട്ട് അഭ്യർത്ഥിക്കുന്നത്.