മങ്കി പോക്സ് സ്ഥിരീകരിച്ചയാളുടെ മരണവുമായി ബന്ധപ്പെട്ട് പുന്നയൂർ പഞ്ചായത്തിൽ ജാഗ്രത. ഇന്ന് പഞ്ചായത്തിലെ ആറ്, എട്ട് വാർഡുകളിൽ വീടുകൾ തോറും ആരോഗ്യവകുപ്പ് പ്രതിരോധ ക്യാമ്പയിൻ നടത്തും. മരിച്ച യുവാവുമായി സമ്പർക്കം പുലർത്തിയിരുന്നവരോട് ക്വാറൻറീനിൽ കഴിയാൻ നിർദേശം നൽകിയിട്ടുണ്ട്. യുവാവുമൊത്ത് ഫുട്ബോൾ കളിച്ചവരും നിരീക്ഷണത്തിലാണ്. റൂട്ട് മാപ്പിൽ ചാവക്കാട്, തൃശൂർ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലേക്കുള്ള യാത്രയും ഉൾപ്പെടും.
ഫുട്ബോൾ കളിച്ച ശേഷം വീട്ടിൽ കടുത്ത തലവേദനയെ തുടർന്ന് തളർന്ന് വീഴുകയായിരുന്നു യുവാവ്. ചികിത്സയിലിരിക്കെ ശനിയാഴ്ചയായിരുന്നു മരണം. യുഎഇയിലെ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നുവെന്ന് വ്യക്തമായത് മരണശേഷമായിരുന്നു. സംസ്കാരം കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് നടത്തിയത്. യുവാവിൻറെ സാമ്പിൾ പരിശോധനാഫലം ഇന്ന് ഉച്ചയോടെയുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ 21നാണ് യുവാവ് യുഎഇയിൽ നിന്ന് നാട്ടിലെത്തിയത്.
തൃശൂരിൽ മങ്കിപോക്സ് ലക്ഷണങ്ങളോടെ യുവാവ് മരിച്ച സംഭവം ഉന്നതതല സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. എന്ത് കൊണ്ട് ആശുപത്രിയിൽ ചികിത്സ തേടാൻ വൈകിയെന്നതടക്കമുള്ള കാര്യങ്ങൾ ഉന്നതതല സംഘം പരിശോധിക്കും. യുവാവിൻറെ സാമ്പിൾ ഒരിക്കൽ കൂടി ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിക്കും. പകർച്ച വ്യാധി ആണങ്കിലും മങ്കി പോക്സിന് വലിയ വ്യാപനശേഷി ഇല്ലെന്നും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും വീണ ജോർജ് പറഞ്ഞു.
മങ്കിപോക്സ് മൂലം സാധാരണ ഗതിയിൽ മരണമുണ്ടാകാനുള്ള സാധ്യതയില്ലെന്നും മങ്കിപോക്സ് ലക്ഷണങ്ങളില്ലാതിരുന്ന യുവാവ് തൃശൂരിൽ ചികിത്സ തേടിയത് കടുത്ത ക്ഷീണവും മസ്തിഷ്ക ജ്വരവും മൂലമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിദേശ രാജ്യത്ത് വച്ച് നടത്തിയ ഇയാളുടെ മങ്കിപോക്സ് പരിശോധന ഫലം പോസിറ്റീവ് ആയിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് ബന്ധുക്കൾ തൃശൂരിലെ ആശുപത്രി അധികൃതർക്ക് നൽകിയതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
യുവാവിന് മറ്റ് ചില സംശയങ്ങൾ ഉണ്ടായിരുന്നതായും സംശയിക്കുന്നുണ്ട്. മറ്റിടങ്ങളിൽ രോഗബാധിതരുമായി ഇടപെട്ട ആളുകൾക്ക് അസുഖമുണ്ടായില്ല എന്നത് ആശ്വാസകരമാണ്. മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുള്ള രാജ്യങ്ങളിലും കാര്യമായ രോഗത്തെ കുറിച്ച് കാര്യമായ പഠനങ്ങൾ നടന്നിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.