Kerala

വിസി ചട്ടം ലംഘിച്ച് ശുപാര്‍ശ നല്‍കിയ കോളജിന് സര്‍ക്കാര്‍ അനുമതിയും; ഉത്തരവിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്

കണ്ണൂര്‍ വൈസ് ചാന്‍സലര്‍ ചട്ടം ലംഘിച്ച് ശുപാര്‍ശ നല്‍കിയെന്ന പരാതി ഉയര്‍ന്ന കോളജിന് സര്‍ക്കാര്‍ അനുമതി. കാസര്‍ഗോഡ് പടന്നയിലെ ടികെസി എജ്യുക്കേഷന്‍ സൊസൈറ്റിക്കാണ് കോളജ് അനുവദിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് അനുമതി ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്.

സിന്‍ഡിക്കേറ്റില്‍ ചര്‍ച്ച ചെയ്യാതെ ക്രമവിരുദ്ധമായി ശുപാര്‍ശ നല്‍കിയെന്ന് കാണിച്ച് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ യുജിസി ചട്ടങ്ങള്‍ അനുവദിക്കാതെയാണ് കോളജിന് അനുമതി ശുപാര്‍ശ ചെയ്തതെന്നായിരുന്നു പ്രധാന ആരോപണം.

എല്ലാ കോളജുകളിലും അനുമതി ആവശ്യപ്പെട്ടുള്ള അപേക്ഷകള്‍ സര്‍വകലാശാലക്ക് മുന്നില്‍ വരുമ്പോള്‍ അത് സിന്‍ഡിക്കറ്റില്‍ വച്ച് ചര്‍ച്ച ചെയ്യണം. ശേഷം ഉപസമിതിയും റിപ്പോര്‍ട്ട് തയ്യാറാക്കണം. സിന്‍ഡിക്കേറ്റാണ് ഈ ഉപസമിതിയെ നിയോഗിക്കേണ്ടത്. പിന്നീട് ഉപസമിതി റിപ്പോര്‍ട്ട് വിസിയുടെ പരിഗണനയ്ക്ക് വിടും. വീണ്ടും സിന്‍ഡിക്കറ്റിലേക്ക് എത്തണം. ഈ ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് വിസി ശുപാര്‍ശ ചെയ്തത്.