കാരക്കോണം മെഡിക്കല്‍ കോളജ് അഴിമതി കേസില്‍ സിഎസ്ഐ മോഡറേറ്റര്‍ ബിഷപ്പ് ധര്‍മരാജ് റസാലത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തേക്കും.ബിഷപ്പ് ഉള്‍പ്പെടെയുള്ളവര്‍ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് ഇ ഡിയുടെ നടപടി. കേസിലെ മറ്റു പ്രതികളായ കോളേജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാമിനേയും സെക്രട്ടറി ടി.പി പ്രവീണിനെയും വരും ദിവസങ്ങളില്‍ ഇ.ഡി ചോദ്യം ചെയ്യും.
മെഡിക്കല്‍ കോളജ് പ്രവേശനത്തിന് ലക്ഷങ്ങള്‍ തലവരിപ്പണം വാങ്ങിയതും വിദേശനാണയ ചട്ടങ്ങള്‍ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നതും അടക്കമുള്ള കേസിലാണ് ഇ.ഡി. അന്വേഷണം നടത്തുന്നത്. സഭാ ആസ്ഥാനത്തടക്കം ഇ ഡി നടത്തിയ പരിശോധനയില്‍ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ബിഷപ്പ് ധര്‍മ്മരാജ് റസാലത്തെ കഴിഞ്ഞ ദിവസം ഇ ഡി ചോദ്യം ചെയ്തത്.10 മണിക്കൂറോളം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യല്‍ നീണ്ടുനിന്നു.
കേസില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി തെളിയിക്കുന്ന രേഖകള്‍ ഇ ഡി ക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ബിഷപ്പ് ധര്‍മ്മരാജ് റസാലത്തെ ചോദ്യം ചെയ്യാനാണ് ഇ ഡിയുടെ നീക്കം. കോളേജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാം , സെക്രട്ടറി ടി.പി പ്രവീണ്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. കേസില്‍ മൂന്നാം പ്രതിയായ ടി പി പ്രവീണ്‍ വിദേശത്ത് കടന്നതായും സൂചനയുണ്ട്.