World

വ്യാപാര, നിക്ഷേപ, ടൂറിസം രംഗങ്ങളിൽ ചൈനയോട് സഹായം തേടി ശ്രീലങ്ക

സാമ്പത്തിക തകർച്ചയിൽ നിന്ന് കരകയറാൻ ചൈനയോട് സഹായം തേടി ശ്രീലങ്ക. വ്യാപാരം, നിക്ഷേപം, ടൂറിസം രംഗങ്ങളിലേക്ക് സഹായം നൽകണമെന്നാണ് കൊളംബോയിൽ നിന്നുള്ള പ്രതിനിധി സംഘത്തിന്റെ ആവശ്യം. നാല് ബില്യൺ ഡോളറിന്റെ പാക്കേജ് ലങ്കയ്ക്ക് വേണ്ടി പ്രഖ്യാപിക്കണമെന്നാണ് ശ്രീലങ്കയുടെ ചൈനയിലെ എംബസി ആവശ്യപ്പെടുന്നത്.

ശ്രീലങ്കയിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങാൻ ചൈനീസ് കമ്പനികളോട് ആവശ്യപ്പെടണമെന്ന് ലങ്കയുടെ ചൈനയിലെ എംബസി ആവശ്യപ്പെടുന്നു. തേയില, സഫയർ, സുഗന്ധ വ്യഞ്ജനങ്ങൾ, തുണിത്തരങ്ങൾ എന്നിവ ചൈനീസ് കമ്പനികൾ ശ്രീലങ്കയിൽ നിന്ന് വാങ്ങണമെന്നാണ് ആവശ്യം. ചൈനയ്ക്ക് കൊളംബോയിലും ഹമ്പൻതോട്ടയിലും തുറമുഖങ്ങളുടെ വികസനത്തിനായി നിക്ഷേപിക്കാമെന്നും ചൈനയിലെ ശ്രീലങ്കൻ അംബാസഡർ പലിത കൊഹോന പറഞ്ഞു.

കൊവിഡ് കാലത്ത് നടക്കാതെ പോയ നിക്ഷേപ പദ്ധതികൾ ഇനി നടപ്പിലാക്കണമെന്നാണ് ആവശ്യം. ഇതിന് പുറമെ ചൈനയിൽ നിന്നുള്ള വിനോദ സഞ്ചാരികളെ ശ്രീലങ്കയിലേക്ക് എത്തിക്കാനും എംബസി താത്പര്യപ്പെടുന്നുണ്ട്. 2018 ൽ ചൈനയിൽ നിന്ന് 2.65 ലക്ഷം വിനോദസഞ്ചാരികളാണ് ശ്രീലങ്കയിൽ എത്തിയത്. എന്നാൽ 2019 ൽ ഒരാൾ പോലും ചൈനയിൽ നിന്ന് ശ്രീലങ്കയിലേക്ക് എത്തിയിരുന്നില്ല. 1948 ൽ സ്വാതന്ത്ര്യം നേടിയ ശേഷം രാജ്യം ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. ഭക്ഷണവും മരുന്നും ഇന്ധനവും കിട്ടാതെ പൊറുതി മുട്ടിയിരിക്കുകയാണ് ശ്രീലങ്കയിലെ ജനം.