National

‘ആധിപത്യം സ്ഥാപിക്കാനുള്ള സുവർണാവസരം, ആരെയും പേടിക്കേണ്ട’; കോമൺ‌വെൽത്ത് സംഘത്തോട് പ്രധാനമന്ത്രി

2022 കോമൺ‌വെൽത്ത് ഗെയിംസിലെ ഇന്ത്യൻ സംഘവുമായി സംവദിച്ച് പ്രധാനമന്ത്രി. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് നരേന്ദ്ര മോദി താരങ്ങളെ പ്രോത്സാഹിപ്പിച്ചത്. കോമൺവെൽത്ത് ഗെയിംസ് ലോകത്തെ ആധിപത്യം സ്ഥാപിക്കാനുള്ള സുവർണാവസരമാണ്. പരിശീലനത്തിലും പ്രകടനത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മറ്റൊന്നിനെക്കുറിച്ചും വിഷമിക്കേണ്ടെന്നും പ്രധാനമന്ത്രി.

“ഇന്ത്യൻ കായിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമാണ് ഇത്. നിങ്ങൾ പുതിയ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. മൈതാനം മാറി, അന്തരീക്ഷം മാറി, പക്ഷേ നിങ്ങളുടെ മാനസികാവസ്ഥ മാറിയിട്ടില്ല, നിങ്ങളുടെ ആത്മാവ് മാറിയിട്ടില്ല… ത്രിവർണ്ണ പതാക ഉയരങ്ങളിൽ എത്തിക്കാൻ കഴിയട്ടെ. കായിക ലോകത്ത് നിങ്ങൾക്ക് ശാശ്വതമായ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്” – മോദി ആശംസിച്ചു.

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 44-ാമത് ചെസ് ഒളിമ്പ്യാഡ്, കോമൺവെൽത്ത് ഗെയിംസിനൊപ്പം ആരംഭിക്കുമെന്നും ഇന്ത്യൻ അത്‌ലറ്റുകൾക്ക് ലോകത്തിന് മുന്നിൽ തിളങ്ങാൻ അവസരമുണ്ടാകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജൂലൈ 28 മുതൽ ഇംഗ്ലണ്ടിലാണ് കോമൺവെൽത്ത് ഗെയിംസ് 2022 ആരംഭിക്കുക. ഇന്ത്യയുടെ 322 അംഗ സംഘം ബർമിംഗ്ഹാമിലേക്ക് ഉടൻ പുറപ്പെടും.