Gulf

ഹജ്ജ് കർമങ്ങൾ ഇന്ന് അവസാനിക്കും

ഹജ്ജ് കർമങ്ങൾ ഇന്ന് അവസാനിക്കും. ഇന്നലെ കർമങ്ങൾ അവസാനിപ്പിക്കാത്ത തീർഥാടകരെല്ലാം ഇന്ന് കർമങ്ങൾ പൂർത്തിയാക്കി മിനായിൽ നിന്നു മടങ്ങും. തീർഥാടകർക്കി ഇനി മടക്കയാത്രയുടെ നാളുകളാണ്.

6 ദിവസം നീണ്ടു നിന്ന ഹജ്ജ് കർമങ്ങൾ ഇന്ന് അവസാനിക്കും. ഇന്ന് ഉച്ചയ്ക്ക് ശേഷം ജംറകളിൽ നടക്കുന്ന കല്ലേറ് കർമം നിർവഹിച്ച് തീർഥാടകർ മിനയോട് വിടപറയും. തീർഥാടകരിൽ പകുതിയോളം പേർ ഇന്നലെ തന്നെ കർമങ്ങൾ അവസാനിപ്പിച്ചിരുന്നു. മലയാളികൾ ഉൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള പകുതിയോളം തീർഥാടകർ ഇന്നത്തെ കല്ലേറ് കർമത്തിന് ശേഷമാണ് മിനായിൽ നിന്നു മടങ്ങുക. മക്ക നഗരത്തോട് വിടപറയുമ്പോൾ ഹറം പള്ളിയിൽ നിർവഹിക്കുന്ന വിടവാങ്ങൽ ത്വവാഫിന്റെ തിരക്കിലാണ് പല തീർഥാടകരും ഇപ്പോൾ.

തീർഥാടകർക്കിനി മടക്കയാത്രയുടെ നാളുകളാണ്. ഇന്ത്യയിൽ നിന്നെത്തിയ തീർഥാടകരുടെ മടക്കയാത്ര ജൂലൈ 15-നു ആരംഭിക്കും. ആദ്യ ദിവസം 4 വിമാനങ്ങളാണ് ഉള്ളത്. ഇതിൽ രണ്ടും കൊച്ചിയിലേക്കാണ്. ഇത്തവണത്തെ ഹജ്ജ് വിജയകരമാണെന്ന് മക്ക ഗവർണരും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയർമാനുമായ പ്രിൻസ് ഖാലിദ് അൽഫൈസൽ പ്രഖ്യാപിച്ചു. അപകടങ്ങളോ പകർച്ചവ്യാധികളോ റിപോർട്ട് ചെയ്യപ്പെട്ടില്ല. 38 കോവിഡ് കേസുകൾ മാത്രമാണു തീർഥാടകർക്കിടയിൽ ഹജ്ജ് വേളയിൽ റിപോർട്ട് ചെയ്യപ്പെട്ടതെന്ന് സൌദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 9 ലക്ഷത്തോളം തീർഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിച്ചത്. ഇന്ത്യയിൽ നിന്നും 79,000-ത്തോളം തീർഥാടകർ ഹജ്ജിനെത്തി.